Monday, May 19, 2008

പുള്ളുവന്‍ പാട്ട്

വീണപൂവ് എന്ന ചിത്രത്തിലെ പുള്ളുവന്‍ പാട്ട്
വിദ്യാധരന്‍ മാഷിന്റെ സംഗീത സം വിധാനം, യേശുദാസും ജെന്‍സിയും പാടിയിരിക്കുന്നു.
ഈ പാട്ട് എന്നെ ഒരു പാട് ഓര്‍മ്മകളിലെക്കു തിരികെ കൊണ്ടുപോകുന്ന വല്ലാത്തൊരനുഭൂതിയാണ്‌. പാട്ട് മുഴുവനായി ഇവിടെയില്ല..എങ്കിലും ഇനിയും ഈ ഗാനം കേള്‍ക്കാത്തവര്‍ക്കായി..
പാട്ടു കേള്‍ക്കുക, അല്പ നേരം അതില്‍ മുഴുകുക..പുള്ളുവന്‍ പാട്ടിന്റെ വശ്യത അനുഭവപ്പെടുന്നില്ലേ..
veenapoovu.mp3

Saturday, May 17, 2008

മോനിലാലിന്‌ ആദരാഞ്ജലികള്‍


പ്രശസ്ത ടെലിവിഷന്‍ താരം മോനിലാലിന്റെ ആകസ്മിക മരണമായിരുന്നു ശനിയാഴ്ച രാവിലെ അറിഞ്ഞ വേദനിപ്പിക്കുന്ന വാര്‍ത്ത. നമുക്കിടയിലുള്ള.. നമ്മുടെയൊക്കെ അടുത്തൊരാളെപ്പോലെയായിരുന്നു മോനിലാല്‍ മലയാളികള്‍ക്ക്. എട്ടൊന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് സൂര്യ ടിവിയിലെ നുറുങ്ങുകള്‍ എന്നൊരു ഹാസ്യ പരിപാടിയിലൂടെയാണ്‌ മോനിലാല്‍ മിനിസ്ക്രീനിലെത്തുന്നത്. മോനിലാലും ജോബിയും പ്രദീപ് പ്രഭാകറും - ഇവരൊക്കെചേര്‍ന്ന് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചവരാണ്‌. ഇന്ദുമുഖി ചന്ദ്രമതിയാണ്‌ മോനിലാലിന്റെ ഏറ്റവും ഹിറ്റായ പരമ്പര. മല്ലികാ സുകുമാരനും മഞ്ജുപിള്ളക്കുമൊപ്പം മോനിലാല്‍ ശരിക്കും തിളങ്ങി. മിക്കവാറും എല്ലാ ടെലിവിഷന്‍ ചാനലുകളിലും മോനിലാല്‍ പലപ്പോഴായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ബൈക്കപകടത്തിലാണ്‌ ദാരുണമായ അന്ത്യം സംഭവിച്ചത്. രാത്രി വൈകി നടന്ന അപകടത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിപ്പോയെന്നൊരു ടിവി റിപ്പോര്‍ട്ടില്‍ കാണുന്നു. നമ്മെ ഏറെ ചിരിപ്പിച്ച മോനിലാല്‍ ഇനി ഓര്‍മ്മ മാത്രം.

Thursday, May 15, 2008

വിദ്യാധരന്‍ മാഷ് വീണ്ടും

സിനിമാ സംഗീത രംഗത്ത് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ അനേകം സംഗീത സം വിധായകരില്‍ ഒരാളാണ്‌ വിദ്യാധരന്‍ മാസ്റ്റര്‍. "നഷ്ടസ്വര്‍ഗ്ഗങ്ങളേ.." ഈ ഗാനമൊന്നുമതി നമുക്ക് മാഷിനെ ഓര്‍ക്കാന്‍. വിണ്ണിന്റെ വിരിമാറില്‍..(അഷ്ടപദി), കല്പാന്തകാലത്തോളം..(എന്റെ ഗ്രാമം), ചന്ദനം മണക്കുന്ന..(അച്ചുവേട്ടന്റെ വീട്), സ്വപ്നങ്ങളൊക്കെയും..(കാണാന്‍ കൊതിച്ച്), അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും..(പാദമുദ്ര) ഇങ്ങനെ നമുക്ക് മറക്കാനാവാത്ത എത്രയോ ഗാനങ്ങള്‍. പിന്നിട് ഭക്തിഗാനങ്ങളിലും നാടക - ആല്‍ബം ഗാനങ്ങളിലും മാത്രമായി വിദ്യാധരന്‍ മാഷിന്റെ സംഗീതം. സംസ്ഥാന അവാര്‍ഡ് നേടിയ അടയാളങ്ങള്‍ എന്ന ചിത്രത്തില്‍ (സംവിധായകന്‍ എം.ജെ. ശശി) വിദ്യാധരന്‍ മാസ്റ്ററുടെ സംഗീത സംവിധാനത്തില്‍ പിറന്ന രണ്ടു സിനിമാഗാനങ്ങള്‍ അടുത്തിടെ പുറത്തിറങ്ങി. യേശുദാസ്, റീന മുരളി എന്നിവര്‍ക്കൊപ്പം സംഗീത സംവിധായകനും ഒരു പാട്ട് പാടിയിരിക്കുന്നു. അതും ഒരു പുള്ളുവന്‍ പാട്ട്.. ഓര്‍മ്മയില്ലേ..അന്ന് യേശുദാസും ജെന്‍സിയും പാടിയ മാഷിന്റെ പുള്ളുവന്‍ പാട്ട്: കന്നിമാസത്തിലെ ആയില്ല്യം... വീണപൂവ് എന്ന അമ്പിളി ചിത്രത്തിലെതായിരുന്നു അത്.

Tuesday, May 13, 2008

(പുതിയ) പാട്ട് വിശേഷങ്ങള്‍

ഒ എന്‍ വി - ദക്ഷിണാമൂര്‍ത്തി
ഒ എന്‍ വിയും ദക്ഷിണാമൂര്‍ത്തിസ്വാമിയും വീണ്ടും..ഈ കൂട്ടുകെട്ടില്‍ പിറന്ന, മിഴികള്‍ സാക്ഷി എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ നാലു ഗാനങ്ങള്‍ ഈയിടെ പുറത്തിറങ്ങി. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ ഒ എന്‍ വികുറുപ്പും ദക്ഷിണാമൂര്‍ത്തിസ്വാമിയും സിനിമാ ഗാനങ്ങള്‍‍ക്കായി ഒരുമിക്കുന്നത്. വേറൊരു സവിശേഷത കൂടിയുണ്ട്. ഒരിടവേളക്ക് ശേഷം എസ്.ജാനകി ഒരു പാട്ട് പാടിയിരിക്കുന്നു ഈ ചിത്രത്തില്‍. യേശുദാസ്, ചിത്ര, അപര്‍ണ്ണ എന്നിവരാണ്‌ മറ്റു ഗായകര്‍. ഒ എന്‍ വി - ദക്ഷിണാമൂര്‍ത്തി - യേശുദാസ് - എസ്.ജാനകി: ഈ സംഗമം വീണ്ടുമൊരുക്കാന്‍ മുന്‍കൈയെടുത്ത സിനിമാ സംവിധായകന്‍ ആശോക് ആര്‍ നാഥിനും നിര്‍മ്മാതാവ് വി ആര്‍ ദാസിനും അഭിനന്ദനങ്ങള്‍.

മാളവികയുടെ ആദ്യ ഗാനം !
ജനുവരി 26, ദുബൈ അല്‍ നാസര്‍ ലിഷര്‍ലാന്റില്‍ കൈരളിയുടെ ഗന്ധര്‍വ്വ സംഗീതം ജൂനിയര്‍ ഫൈനല്‍ ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കുന്നതിനു മുന്‍പ് സംസാരിച്ച സംവിധായക ഇരട്ടകളായ അക്ബര്‍ ജോസിലെ അക്ബര്‍, ഒരു വാഗ്ദാനം നടത്തിയിരുന്നു, ഈ മല്‍സരത്തിലെ വിജയികള്‍ ആരായാലും തന്റെ അടുത്ത ചിത്രത്തില്‍ പാടാനൊരവസരം നല്‍കും. അക്ബര്‍ വാക്കു പാലിച്ചു, അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വെറുതെ ഒരു ഭാര്യയിലെ ഗാനങ്ങള്‍ ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഗായകരുടെ നിരയില്‍ മാളവികയും ആദര്‍ശുമുണ്ട്. ഗന്ധര്‍വ്വ സംഗീതം ജൂനിയര്‍ ജേതാവ്, മാളവിക, രണ്ടാം സ്ഥാനക്കാരന്‍ ആദര്‍ശ്. ശ്യാം ധര്‍മ്മന്റെ സംഗീത സംവിധാനത്തില്‍ "ഓംകാരം ശംഖില്‍..." എന്നുതുടങ്ങുന്ന ഗാനം പാടി മാളവിക ചലചിത്ര പിന്നണി ഗായികയായി. മലയാള സിനിമാ ഗാനരംഗത്തെ വേറിട്ട ശബ്ദം, നല്ല ഈണത്തിലുള്ള ഈ ഗാനം നന്നായിത്തന്നെ പാടിയിരിക്കുന്നു മാളവിക.
ഇനി ശ്യാം ധര്‍മ്മനെപ്പറ്റി. ശ്യാം ധര്‍മ്മന്റെ ഒരു ഗാനം നമുക്കെല്ലാവര്‍ക്കുമറിയാം, "സുന്ദരിയേ വാ.." ചെമ്പകമേ എന്ന ആല്‍ബത്തിലെ പ്രശസ്ത ഗാനം. ആ ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധേയങ്ങളായിരുന്നുവെങ്കിലും സംഗീത സംവിധായകന്‌ വേണ്ടത്ര ജനശ്രദ്ധ കിട്ടിയില്ല. വീണ്ടും ഒരുപിടി നല്ല ഗാനങ്ങളുമായി ശ്യാം ധര്‍മ്മന്റെ സംഗീത സംവിധാനത്തില്‍ ഒരാല്‍ബം കൂടി പുറത്തുവന്നു. മല്ലികപ്പൂ ! ഉണ്ണിമേനോന്‍ പാടിയ "നീരാമ്പല്‍ പൂ"എന്നു തുടങ്ങുന്ന ഗാനം പുതുമയുള്ളതായിരുന്നു.

സിനിമകളില്‍ ഇതിനു മുന്‍പും ശ്യാംധര്‍മ്മന്‍ പാട്ടുകളൊരുക്കിയിട്ടുണ്ട്. കലാഭവന്‍ മണിയുടെ ദ ഗാര്‍ഡ്‌. പിന്നെ 2008 ആദ്യം പുറത്തിറങ്ങിയ ജൂബിലി. വളരെ ശ്രദ്ധേയമായിരുന്ന ഗാനങ്ങളായിരുന്നു ജൂബിലിയിലെങ്കിലും പാട്ടുകള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചുവോ എന്നു സംശയമാണ്‌. ഒരു പക്ഷേ സിനിമ ക്ലിക്കാവാഞ്ഞതിനാലായിരിക്കാം. പുതിയ ചിത്രമായ വെറുതെ ഒരു ഭാര്യയിലും നല്ല ഗാനങ്ങള്‍ തന്നെയാണ്‌ ശ്യാം ധര്‍മ്മന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണിമേനോന്‍, ഫ്രാങ്കോ, സൗമ്യ, പ്രദീപ് പള്ളുരുത്തി, മാസ്റ്റര്‍ ആദര്‍ശ്, മാളവിക എന്നിവരോടൊപ്പം ശ്യാമും ഒരു ഗാനം ആലപിച്ചിരിക്കന്നു.

വീണ്ടും മാളവികയിലേക്ക് - ഒരു ഫ്ലാഷ് ബാക്ക്: ഏകദേശം ഇരുപത്താറ് വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ദിനം. ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ നിന്നും...അനൗണ്‍സറുടെ ശബ്ദം: ഇനി ലളിത ഗാനങ്ങള്‍. പാടിയത് ഡോക്ടര്‍ കെ.രാജ് മോഹന്‍, ഗാനം: കാലം കളിയാടി നടക്കുമ്പോഴൊരു മഴവില്‍ കൊടി നിന്നു തേങ്ങി..മാനം കറുകറെ കറക്കുമ്പോഴൊരു...
വര്‍ഷങ്ങള്‍ക്കിപ്പുറം വൈകാതെ ഇതും റേഡിയോയിലൂടെ കേള്‍ക്കും.ആകാശവാണി തൃശ്ശൂര്‍, ചലചിത്രഗാനങ്ങള്‍, ആദ്യ ഗാനം: വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍നിന്നും, പാടിയിരിക്കുന്നത് മാളവിക - അന്നു പാടിയ മുത്തച്ഛന്റെ കൊച്ചുമകളുടെ ഗാനം