Monday, February 18, 2008

പാഠം രണ്ട്, മൈന

ക്ലീ..ക്ലീ..ക്ലീ....ക്ലൂ..ക്ലൂ..ക്ലൂ..എവിടുന്നാണീ ശബ്ദം? സുരേഷ് തിരിഞ്ഞു നോക്കിയില്ല..കാരണം, സുരേഷിനറിയാം..അതൊരു മൈനയായിരിക്കും. പണ്ട് സ്കൂളില്‍ പഠിച്ചിട്ടുള്ളതല്ലേ..

ചെറിയ ക്ലാസ്സുകളില്‍ നമ്മള്‍ പഠിച്ച പാഠങ്ങള്‍..ഒന്നാം ക്ലാസ്സില്‍ ആദ്യമായി പഠിച്ച പുസ്തകം.തറ..പറ..പന.. വെള്ളക്കടലാസില്‍ ഏതാണ്ട് ചുവപ്പും തവിട്ടും കലര്‍ന്ന കളറില്‍ അച്ചടിച്ചിരുന്ന, ഒരു ഇഷ്ടികത്തറയുടെ ചിത്രം.. മഞ്ഞക്കളറിലുള്ള പറയുടെ..ഉയര്‍ന്നു നില്‍ക്കുന്ന പനയുടെ ചിത്രം... എല്ലാം എത്രയോ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഓര്‍മ്മകളില്‍..

കുഞ്ചിയമ്മയുടെ അഞ്ചാമത്തെ മകന്‍ കുഞ്ചു പഞ്ചാരതിന്നു മടുത്ത് ഇഞ്ചി കടിച്ചു രസിച്ചതും, റാകിയും രാകിയും പറന്ന ചെമ്പരുന്ത് കടല്‍ത്തിരകളും കപ്പലും കണ്ടതും, ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവ് തലതല്ലിക്കരഞ്ഞതും..അങ്ങിനെയങ്ങിനെ എത്രയോ വട്ടം പാടിപ്പതിഞ്ഞ കുഞ്ഞു വരികള്‍..
ഏതു ക്ലാസ്സിലാണെന്നോര്‍മ്മയില്ല...ഓമനക്കുട്ടന്‍ എന്നൊരു പുസ്തകം മലയാളം-ബി ക്ക് പഠിച്ചിരുന്നു. ചെയ്യാത്ത കുറ്റത്തിനു ശിക്ഷയേല്‍ക്കേണ്ടിവന്ന പാവം മാലതിയെന്ന വേലക്കാരി ഇന്നും ഒരു ദു:ഖമായി മനസ്സില്‍ അവശേഷിക്കുന്നു. "മാലതീ..എടി മാലതീ.." കൊച്ചമ്മയുടെ ശകാരം. എത്രയോ തവണ വായിച്ചിരിക്കുന്നു ആ പാഠങ്ങള്‍..

പിന്നീട് പലപ്പോഴും അന്നത്തെ പാഠ പുസ്തകങ്ങള്‍ക്കായി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കിട്ടിയില്ലാ.. ഒന്നു ഓര്‍മ്മപുതുക്കാനായിരുന്നു.. ആ പേജുകളിലൂടെ..ഗതകാല സ്മരണകള്‍ അയവിറക്കാന്‍..

Sunday, February 10, 2008

ബീരാന്റെ പ്രണയ "ശ്രമം" !

ബീരാനു പ്രണയ പരവേശം..ബസില്‍ കാണുന്ന സ്കൂള്‍ പെണ്‍കുട്ടിയോട് ! ഹൃദയം തുറക്കാന്‍..ഒന്നുരിയാടാന്‍..മനസ്സില്‍ പടര്‍ന്നു പന്തലിച്ച അനുരാഗം ഒന്നറിയിക്കാന്‍ എന്താണൊരു വഴി..ബസിലാണെങ്കില്‍ എപ്പൊഴും തിരക്ക്.ആകെ പാരകള്‍. കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല..കത്തെഴുക തന്നെ. മടിച്ചില്ല. എഴുതി..പലവട്ടം..തിരുത്തി..കീറി..വീണ്ടുമെഴുതി..അവസാനം "സംഗതി" റെഡി. കത്തു കൈമാറാന്‍? അധികം ആലോചിച്ച് സമയം കളയാന്‍ മെനക്കെട്ടില്ല. ബസില്‍ ഇരിക്കുകയായിരുന്ന ഇഷ്ടപ്രാണേശ്വരിയുടെ മടിയിലേക്കിട്ടുകൊടുത്തു സാക്ഷാല്‍‍ "ലവ് ലെറ്റര്‍". മറുപടിക്കു കാത്തുനില്‍ക്കാതെ തനിക്കിറങ്ങാനുള്ള സ്റ്റോപ്പില്‍ ബീരാന്‍ ഇറങ്ങി. നാളെയോ മറ്റന്നാളോ..സൗകര്യം പോലെ തരട്ടെ മറുപടി. വൈകീട്ട് ബസ് തിരികെ വരുമ്പോള്‍ ബീരാന്റെ സ്റ്റോപ്പില്‍ മൂന്നു യുവാക്കള്‍ ഇറങ്ങി. ബീരാന്റെ കാമുകിയുടെ സഹോദരനും സുഹ്രുത്തുക്കളുമായിരുന്നു അവര്‍. ബീരാനെ കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല. അയല്‍ നാട്ടുകാരുടെ കൈക്കരുത്തിനു മുന്നില്‍ നമ്രശിരസ്കനായി നിന്ന ബീരാന്റെ നാട്ടുകാരിലൊരാള്‍ കശപിശയില്‍ ചുളുങ്ങിപ്പോയ "ലവ് ലെറ്റര്‍" നിവര്‍ത്തി വായിക്കാനാരംഭിച്ചു. അതില്‍ ബീരാനെന്ന വീരന്‍ കുറിച്ചിരുന്ന ഒരു ചോദ്യം അയാളെ അമ്പരപ്പിക്കാതിരുന്നില്ല, അതിങ്ങനെയായിരുന്നൂ..'കുട്ടീ..നീ ഗേള്‍സിലാണോ ബോയ്സിലാണോ പഠിക്കുന്നത്?'