Tuesday, November 6, 2012

അർജ്ജുനൻ മാഷിന്റെ പാട്ടുകൾ

(പാട്ടുകളും സന്തോഷും പിന്നെ ഞാനും - തുടരുന്നു)

1968 ലാണ് എം.കെ.അർജ്ജുനൻ മാഷ് വരുന്നത്, കറുത്ത പൗർണ്ണമിയിലൂടെ. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും നിർബ്ബന്ധമായും കേട്ടിരിക്കേണ്ടതാണ്, സന്തോഷ് തുടർന്നു.  അന്നേവരെ ആരും സ്വീകരിക്കാതിരുന്ന ഒരു വേറിട്ട റൂട്ടിലൂടെയാണ് അദ്ദേഹം തന്റെ ഗാനങ്ങളെ കൊണ്ടുപോയത് എന്നു കാണാം. ദേവരാജൻ മാഷുടെ മെലഡിയും ദക്ഷിണാമൂർത്തി സ്വാമികളുടെ സെമി ക്ലാസ്സിക്കും ആരാധിച്ചിരുന്ന താൻ അത് രണ്ടും സന്നിവേശിപ്പിച്ച് വേറൊരു പാതയിലൂടെ പോയതാണെന്ന് എം.കെ.അർജ്ജുനൻ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. അർജ്ജുനൻ മാഷിനെപ്പറ്റി കൂടുതൽ അറിയുമ്പോൾ, നമുക്ക് നഷ്ടം എന്നു തോന്നിപ്പോകുന്ന ഒരു കാര്യമുണ്ട്. ആദ്ദേഹം കമ്പോസ് ചെയ്ത പല ഗാനങ്ങൾക്കും നാലും അഞ്ചും വരെ വ്യത്യസ്ത ഈണങ്ങൾ കൊടുത്തിരുന്നുവത്രേ! അതിൽ പലതിലും അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ട്യൂൺ ഒന്നുമായിരുന്നില്ല പിന്നീട് സ്വീകരിക്കപ്പെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. സിനിമാ സംവിധായകർക്ക് എന്ത് ഇഷ്ടപ്പെട്ടിരുന്നുവോ, അത് തെരഞ്ഞെടുക്കുവാൻ അദ്ദേഹം സമ്മതിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഏറ്റവും പോപ്പുലറായ ഒരു ഗാനം എടുക്കുക. 'കസ്തൂരി മണക്കുന്നല്ലോ..കാറ്റേ...' (ചിത്രം: പിക്നിക്, വരികൾ: ശ്രീകുമാരൻ തമ്പി, ഗായകൻ: യേശുദാസ്). ഈ ഗാനത്തിന് വേറെ നാലു ഈണങ്ങൾ കൂടി ചിട്ടപ്പെടുത്തിയിരുന്നു എന്നത് നമുക്ക് വിശ്വസിക്കാനാവുന്നില്ല. ആ ഈണങ്ങൾ ഏതൊക്കെയായിരുന്നു എന്നു് നമ്മൾ ഇനി ഒരിക്കലും അറിയാൻ പോകുന്നില്ല.  കാരണം അദ്ദേഹം തന്നെ അത് ഓർക്കുന്നുണ്ടാവില്ല. പ്രായമേറി വരുമ്പോൾ ചിലർക്കെല്ലാം ഉണ്ടാകുന്ന ഓർമ്മക്കുറവ് ഒരു വലിയ പ്രശ്നം തന്നെയാണ്. ദേവരാജൻ മാഷ് അവസാനകാലത്ത് അദ്ദേഹത്തിന്റെ തന്നെ പല പഴയ ഗാനങ്ങൾ ഓർത്തെടുക്കാൻ പ്രയാസപ്പെട്ടിരുന്നു എന്നത് കേട്ടിട്ടുണ്ട്.

എനിക്ക് തോന്നുന്നു.. അർജ്ജുനൻ മാഷിന് പ്രിയപ്പെട്ട ഒരു രീതി 'എത്ര സുന്ദരി..എത്ര പ്രിയങ്കരി..എന്റെ ഹ്രുദയേശ്വരി.. (ചിത്രം: തിരുവോണം) എന്ന മട്ടിലുള്ള ഗാനങ്ങളായിരുന്നിരിക്കണം. അദ്ദേഹവുമായുള്ള അഭിമുഖങ്ങളിൽ എപ്പോഴും അദ്ദേഹം മൂളാറുള്ളത് എത്ര സുന്ദരി പോലുള്ള പാട്ടുകളായിരുന്നു. മാഷിന് ഇഷ്ടപ്പെട്ട പത്തു ഗാനങ്ങൾ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിൽ മാഷിന്റെ ഒരു ഗാനം മാത്രമേ എടുത്തുള്ളൂ. അത് 'ദു:ഖമേ നിനക്ക് പുലർകാല വന്ദനം...' (ചിത്രം: പുഷ്പാഞ്ജലി) എന്ന തത്വചിന്താപരമായ ഗാനമായിരുന്നു.ഫിലോസഫിക്കൽ ഗാനങ്ങൾ ചിട്ടപ്പെടുത്തുമ്പോൾ അദ്ദേഹം അനുവർത്തിച്ചിരുന്ന ഒരു ശൈലി തന്നെയാണ് മേല്പറഞ്ഞ പാട്ടിലും ഉള്ളത്.  ഇതേ പാട്ടിന്റെ റൂട്ടിലുള്ള അദ്ദേഹത്തിന്റെ മറ്റു ചില പാട്ടുകൾ.. 'കന്യാദാനം കത്തുന്ന പ്രേമത്തിൻ..' (ചിതം: ചീനവല, രചന: വയലാർ), 'മോഹം മുഖപടമണിഞ്ഞു..' (ചിത്രം: ആരും അന്യരല്ല, രചന: സത്യൻ അന്തിക്കാട്) എന്നിങ്ങനെ പോകുന്നു. എടുത്തുപറയാൻ ഇനിയും ഏറെ ഗാനങ്ങളുണ്ട്.

എം.കെ.യുടെ ശൈലി - ആ പ്രത്യേക റൂട്ട് - അദ്ദേഹത്തിന്റെ ആദ്യ ഗാനം മുതൽക്ക് തന്നേ വളരെ വ്യക്തമാണ്. കറുത്ത പൗർണ്ണമി എന്ന ചിത്രത്തിലെ 'പൊൻകിനാവിൻ പുഷ്പരഥത്തിൽ..' (രചന: പി.ഭാസ്ക്കരൻ) എന്ന ഗാനത്തിന്റെ ശൈലി തന്നെയാണ് റസ്റ്റ് ഹൗസ് എന്ന ചിത്രത്തിലെ 'പൗർണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു..' എന്ന ഗാനത്തിനും അദ്ദേഹം തെരഞ്ഞെടുത്തത്. ആ ശൈലിയുടെ എല്ലാ ഭാവങ്ങളും മൂർത്തീകരിക്കപ്പെട്ട മറ്റൊരു ഗാനമാണ് എ.പി.ഗോപാലനുമായിച്ചേർന്ന് വന്ന നിത്യ വസന്തത്തിലെ 'സുഗന്ധഭസ്മക്കുറിയിട്ടു നിൽക്കും..' എന്നത്. ആ ഗാനം വേണ്ടത്ര പോപ്പുലർ ആയില്ലെങ്കിലും അദ്ദേഹത്തെ അടുത്തറിയാൻ ആ ഗാനം ഏറെ സഹായകരമാണ്.  ഇതേ ശൈലിയിൽ ചിട്ടപ്പെടുത്തിയ അദ്ദേഹത്തിന്റെ ചില ഗാനങ്ങൾ..

സന്ധ്യതൻ കവിൾ തുടുത്തു..(ചിത്രം: രാജാങ്കണം, രചന:അപ്പന്‍ തച്ചേത്ത്‌),  സിന്ദൂര കിരണമായ് നിന്നെ തഴുകി..(ചിത്രം: പത്മവ്യൂഹം, രചന: ശ്രീകുമാരൻ തമ്പി), ചന്ദ്രകിരണങ്ങൾ രാഗങ്ങളായി..(ചിത്രം:അമ്മ, രചന: ശ്രീകുമാരൻ തമ്പി) അങ്ങനെയങ്ങനെ....

(തുടരും...)