Saturday, January 26, 2008

അഭിനന്ദനങ്ങള്‍, മാളവികേ..

കൈരളിയുടെ ഗന്ധര്‍വസംഗീതം ഫൈനലില്‍ ഒന്നാം സമ്മാനം നേടിയ മാളവികക്ക്‌ ഹ്രുദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ !"ദേവസഭാതലം" പാടി തുടക്കം കുറിച്ച മാളവികയുടെ പ്രകടനം കാണികളെയും പരിപാടി ടെലിവിഷനിലൂടെ തല്‍സമയം കണ്ടുകൊണ്ടിരുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരെയും അതിശയിപ്പിച്ചു. ചരണം പാടിക്കഴിഞ്ഞപ്പോള്‍ മുന്നിലിരുന്ന ഗാനഗന്ധര്‍വന്‍ യേശുദാസ്‌, മാളവിക പാടുന്നത്‌ ശരിവച്ച്‌ പ്രത്യേക രീതിയില്‍ തല കുലുക്കുന്നത്‌ കാണാമായിരുന്നു!മാളവിക മാത്രമല്ല, മറ്റു 5 കുട്ടികളും ഏറെ പ്രശംസയര്‍ഹിക്കുന്നു. നവീന ഗാനങ്ങള്‍ക്കൊപ്പം തന്നെ എം.എസ്‌.വിശ്വനാഥന്റെയും, ഇളയരാജയുടെയും പഴയകാല ഹിറ്റുകള്‍ തെരഞ്ഞെടുത്തു പാടിയതും ശ്രദ്ധേയമായി. കുറേ സമ്മാനങ്ങളും കിട്ടി എല്ലാര്‍ക്കും. പദ്മശ്രീ എം.എ.യൂസഫലിയുടെ പ്രത്യേക പാരിതോഷികവും മുന്‍ പ്രഖ്യാപിത സമ്മാനത്തുകയിലെ വര്‍ധനയും..അര്‍ഹിക്കുന്ന അംഗീകാരം തന്നെ. മാളവികയെ ഇനിയും നമുക്കു കേള്‍ക്കാം.. അക്ബര്‍ ജോസിന്റെ അടുത്ത ചിത്രത്തില്‍ പാടാനുള്ള അവസരവും കൈവന്നിരിക്കയാണ്‌ !!പക്ഷെ..ഇത്തരം അനേകം ഷോകളില്‍ വിജയിച്ച എത്രയോ ഗായികാ ഗായകന്മാര്‍ നമുക്കുണ്ട്‌. അവര്‍ക്കൊക്കെ അര്‍ഹിക്കുന്ന അംഗീകാരം ഈ സ്റ്റേജുകള്‍ക്കു പുറത്ത്‌ ലഭിച്ചിട്ടുണ്ടോ? സംശയമാണ്‌..പ്രദീപ്‌ സോമസുന്ദരത്തെ എല്ലാരും മറന്നില്ലേ..അല്ലെങ്കില്‍ മറന്നതായി നടിക്കുന്നില്ലേ? ഇന്ത്യയിലെ മികച്ച ഗായകനായി ദേശീയ ടെലിവിഷന്‍ തന്നെ തെരഞ്ഞെടുത്ത അദ്ദേഹത്തിനു എത്ര ഗാനങ്ങള്‍ പാടാനായി?എന്തായാലും ഈ പ്രതിഭകള്‍ക്കു ചുരുങ്ങിയത്‌ 10 ദിവസമെങ്കിലും തനിക്കറിയാവുന്ന സംഗീതം പകര്‍ന്നു തരാമെന്ന് യേശുദാസ്‌ ഉറപ്പു കൊടുത്തിരിക്കുകയാണ്‌! വിലമതിക്കാനാവാത്ത അംഗീകാരം..അവസരം !!നല്ലതു വരട്ടെ..സംഗീതം വളരട്ടെ..നേരുന്നൂ നന്മകള്‍..

Monday, January 14, 2008

എം.ഓ. ദേവസ്യ


പത്തു നാല്പതു വര്‍ഷക്കാലം തെന്നിന്ത്യന്‍ സിനിമയില്‍ മേക്കപ്പ് രംഗത്ത് വിലസിയ അച്ചായന്റെ മരണം..ആലപ്പുഴക്കാരന്‍ എം.ഓ. ദേവസ്യ ഒരു സംഭവമായിരുന്നു. അക്കാലം മുതല്‍ ദേവസ്യ മുഖം മിനുക്കാത്തവരായി... പ്രത്യേകിച്ച് മലയാളത്തില്‍... നടീ നടന്മാര്‍ ഇല്ല എന്നു തന്നെ പറയാം. ഐ.വി.ശശിയുമായി എന്നും ഒരു പ്രത്യേക അടുപ്പം ദേവസ്യക്കുണ്ടായിരുന്നു. അദ്ദേഹം ഒരു മലയാള സിനിമാ വാരികയില്‍ ഈ അടുത്ത കാലം വരെ എഴുതിയിരുന്ന ഓര്‍മ്മക്കുറിപ്പുകളിലൂടെ ഒട്ടേറെ സിനിമാ അണിയറ വിശേഷങ്ങള്‍ വായനക്കാരുമായി പങ്കു വച്ചിരുന്നു. ജീവിതാനുഭവങ്ങള്‍‍ പുസ്തകരൂപത്തിലും പുറത്തിറങ്ങിയിരുന്നു. മദ്രാസായിരുന്നു അവസാന കാലം വരെ പുള്ളിയുടെ താവളം. ഒട്ടേറെ സിനിമാ കണ്ണുനീരുകള്‍ക്കും വളര്‍ച്ചകള്‍ക്കും തളര്‍ച്ചകള്‍ക്കും സാക്ഷിയായ ദേവസ്യാച്ചന്‍ എന്നും ഓര്‍മ്മകളില്‍ ജീവിക്കും.


ആദരാഞ്ജലികള്‍...

Saturday, January 5, 2008

അറബിനാട്ടിലെ മലയാളം

ഈ ഫോട്ടോ നൊക്കുക ! ഹായ്..നാവില്‍ വെള്ളമൂറുന്നൂ...
(ചിത്രത്തിലൊന്നമര്‍ത്തി വലുതാക്കി കാണണേ..എന്നാലേ വായിക്കാന്‍ പറ്റൂ..)
ഇത് ദുബൈ..ഗ്ലോബല്‍ വില്ലേജില്‍ ഭോജനശാലകളുടെ ഇടയില്‍ മലയാളത്തില്‍ ഇങ്ങിനെയൊരു ബാനറും! അക്ഷരത്തെറ്റുണ്ടെങ്കിലും ചുവന്ന മലയാളത്തില്‍ (പച്ചയെന്നായിരുന്നു വെണ്ടത്, പക്ഷേ എഴുത്ത് ചുവന്ന നിറത്തിലായിപ്പോയി) ഈ ബാനര്‍ കണ്ടപ്പോള്‍ എനിക്കേറെ കൗതുകം തോന്നി. അങ്ങിനെയെടുത്തതാണീ ചിത്രം, ദൂരെ നിന്ന്.. കപ്പയും മീനും, മുളപ്പുട്ടും...കൊതിപ്പിക്കുന്നില്ല..