പാട്ടുകളോടുള്ള താല്പര്യമാണ് എന്നെയും സന്തോഷിനെയും തമ്മിലടുപ്പിച്ചത്.
എൺപതുകളുടെ അവസാനത്തിൽ ഇളയരാജ ഗാനങ്ങൾ തേടിയുള്ള യാത്രകൾക്കിടയിലാണ് സ്നേഹിതൻ ജയപ്രകാശ് വഴി സന്തോഷിനെ പരിചയപ്പെടുന്നത്. എത്രയോ പാട്ടുവിശേഷങ്ങൾ കൈമാറി.. ചർച്ച ചെയ്തു..പഴയ പാട്ടുകൾ തേടിപ്പിടിച്ചു. ഇന്നും വർഷങ്ങൾക്കിപ്പുറവും.. ഓരോ വർഷത്തിലും കേരളത്തിൽ ചെലവഴിക്കുന്ന ഒരു മാസത്തെ അവധിക്കാലത്തിനിടയിൽ ഞങ്ങൾ കണ്ടുമുട്ടാറുണ്ട്. കുറേ സമയം പാട്ടുകളെപ്പറ്റി സംസാരിച്ചിരിക്കാറുണ്ട്. പ്രശസ്തരല്ലാത്ത ചില പാട്ടുകാരെ, സിനിമാപ്പാട്ടുകളിൽ വിജ്ഞാനകോശങ്ങളെന്നു വിശേഷിപ്പിക്കാവുന്ന അപൂർവ്വ വ്യക്തികളെ പരിചയപ്പെടുവാനും സന്തോഷ് സഹായിച്ചിട്ടുണ്ട്.
അങ്ങനെ ഇക്കഴിഞ്ഞ അവധിക്കാലത്ത് ഒരു സായാഹ്നത്തിൽ സന്തോഷ് പറഞ്ഞുതുടങ്ങിയ പാട്ടുകാര്യങ്ങൾ ഇവിടെ പങ്കുവെക്കുകയാണ്.
"ഒരു പ്രത്യേക ഗാനം നമ്മൾ താല്പര്യപൂർവ്വം ശ്രവിക്കുമ്പോൾ അത് നമ്മെ എങ്ങെനെ സ്വാധീനിക്കുന്നു, നമുക്ക് ആ ഗാനം പ്രിയപ്പെട്ടതാവാൻ കാരണങ്ങൾ എന്തൊക്കെയാവാം, ആ ഒരു ഗാനം നമ്മളിൽ ക്രിയേറ്റ് ചെയ്യുന്ന മൂഡ് - അവാച്യമായ ആനന്ദാനുഭൂതി നൽകുന്ന ഗാനങ്ങളുടെ ശില്പികളെ, (ഗാന രചയിതാക്കളും സംഗീത സംവിധായകരും) നമ്മൾ അറിയുന്നുണ്ടോ? അവർക്ക് അർഹമായ ഒരംഗീകാരം നമ്മൾ കൊടുക്കുന്നുണ്ടോ? ഇല്ല എന്നു തന്നെ വേണം പറയാൻ. ഞാൻ ശ്രമിക്കുന്നത് അവരെക്കുറിച്ച് കൂടുതൽ അറിയുവാനും അറിയുന്നതെല്ലാം മറ്റുള്ളവർക്ക് പകർന്നു നൽകുവാനുമാണ്.
നമ്മൾ ഏറ്റവും അംഗീകരിക്കുന്ന 'ഇളയരാജ' യുടെ ഗാനങ്ങൾ തന്നെ നമ്മൾ വിലയിരുത്തേണ്ടത്, അദ്ദേഹം അസ്സിസ്റ്റന്റായി ജോലിചെയ്തിരുന്ന സംഗീത സംവിധായകരുടെ ഗാനങ്ങളുടെ സ്വാധീനം അദ്ദേഹത്തിന്റെ പാട്ടുകളെ എങ്ങനെ സ്വാധീനിച്ചിട്ടുണ്ട് എന്നു മനസ്സിലാക്കിക്കൊണ്ടാവണം.1985 മുതൽ 1990 വരെയുള്ള കാലയളവിൽ ഞാൻ കേട്ട ഗാനങ്ങൾ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ഞാൻ ഇതു പറയുന്നത്.
ഒരു പക്ഷേ ഞാൻ ആദ്യമായി ശ്രദ്ധിച്ച ഒരു തമിഴ് ഗാനം 'ചിന്നഞ്ചെറു കിളിയേ' എന്ന ചിത്രത്തിലെ 'വൈഗൈ നീരാട.. ..' എന്ന മലേഷ്യാ വാസുദേവൻ - ജാനകി ഡ്യുയറ്റ് ആണ്. ആ ഗാനത്തിന്റെ തുടക്കത്തിലെ ഹമ്മിംഗും നാടൻ ശീലുകളുടെ സന്നിവേശവും അപാരമായ ആകർഷണമായിരുന്നു. അന്ന് ആ ഗാനം ഞാനിഷ്ടപ്പെട്ടത് അതിന്റെ സംഗീത സംവിധായകനെ കുറിച്ചൊന്നും അറിയാതെയായിരുന്നെങ്കിൽ പിന്നീട് ഞാൻ അതിനെ ആരാധിച്ചത് ഇളയരാജ കൂടുതലും അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിരുന്ന ജി.കെ.വെങ്കിടേഷിന്റെ ഗാനമായിരുന്നു അത് എന്നതിനാലാണ്. ഈ ഗാനം നിബന്ധമായും കേട്ടിരിക്കേണ്ടതാണ്. ആദ്യമായി രാജാസാറിനെ ഒരു പടത്തിലെ ഗാനങ്ങൾ കമ്പോസ് ചെയ്യാൻ പഞ്ചു അരുണാചലം ഏല്പിക്കുന്നതു തന്നെ ജി.കെ യുടെ അസിസ്റ്റന്റിന്റെ കഴിവിൽ 'വിശ്വാസം' വന്നതിനാലാണെന്ന് പഞ്ചു അരുണാചലം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ജി.കെ വെങ്കിടേഷിന്റെ ഗാനങ്ങൾ കേട്ടിട്ടാവണം ഇളയരാജയുടെ ഗാനങ്ങൾ അനലൈസ് ചെയ്യേണ്ടത് എന്നാണ് ഞാൻ പറയുക. പിന്നിട്ട വഴികളിലെ സ്വാധീനം ഇളയരാജയുടെ ഗാനങ്ങളിൽ വ്യക്തമാണ്. സഹായിയായി പ്രവർത്തിച്ച കാലയളവിലെ നല്ല കാര്യങ്ങൾ സ്വാംശീകരിച്ചുകൊണ്ടാണ് രാജാ സാർ തന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് എന്നു പറയുന്നതിൽ തെറ്റില്ല എന്നെനിക്ക് തോന്നുന്നു.
സംഗീതത്തോട് താല്പര്യമുള്ള നമ്മൾ മലയാള ഗാനങ്ങളെക്കുറിച്ച് ഒരു പാട് ഇനിയും മനസ്സിലാക്കണം. ഞാൻ ഏറ്റവുമധികം ആരാധിക്കുന്ന മലയാളം മ്യൂസിക് ഡയറക്റ്റർ ആരെന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ളൂ.. എം.കെ അർജ്ജുനൻ. രണ്ടാം സ്ഥാനം ആർക്ക് എന്നാണ് ചോദിക്കുന്നതെങ്കിൽ അത് എ.ടി. ഉമ്മറാണ്. ഞാൻ എന്തുകൊണ്ട് ഇവരെ ഇത്രയും ആരാധിക്കുന്നു എന്നത് ഇവരുടെ വർക്കുകളെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ മനസ്സിലാകും, ഉറപ്പ്.
(തുടരും..)