അരിഭക്ഷണത്തിനു പകരമായി കോഴിമുട്ടയും പാലും "ട്രൈ" ചെയ്തു നോക്കാനുള്ള മന്ത്രിയുടെ ആഹ്വാനം തള്ളിക്കളയുന്നില്ല. അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നുമില്ല. കാരണം മൃഗ സംരക്ഷണ വാരം ഉല്‍ഘാടനം ചെയ്തു കൊണ്ടു നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത് എന്നതുകൊണ്ടുതന്നെ..മൃഗ പ്രദര്‍ശനം നടക്കുന്ന മൈതാനത്തിനരികില്‍ ഒരുക്കിയ വേദിയില്‍ സംസാരിക്കുമ്പോള്‍ മൃഗ ഉല്‍പ്പന്നങ്ങളില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ടു ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കു ഗുണം കിട്ടിയേക്കാവുന്ന ഒരു പ്രസ്താവന എന്നതില്‍ കവിഞ്ഞ് മറ്റൊന്നും അദ്ദേഹം കരുതിയിരിക്കാനിടയില്ല..(ഈ പ്രസംഗമത്രയും കേട്ടു കൊണ്ടിരുന്ന പാവം മൃഗങ്ങളുടെ പ്രതികരണം എന്താണോ ആവോ?)മന്ത്രിയുടെ ആഹ്വാനം ശിരസ്സാ വഹിച്ച് കുറച്ചു മുട്ട വാങ്ങി ശാപ്പിട്ടു തുടങ്ങാം എന്നു ഏതെങ്കിലും ഗള്‍ഫ് മലയാളി സുഹ്രുത്തുക്കള്‍ കരുതിയെങ്കില്‍ അതൊരു സ്വപ്നം മാത്രമായി അവശേഷിക്കാനാണിട. യു.എ.ഇയില്‍, പ്രത്യേകിച്ച് ദുബൈയില്‍ മുട്ട കണി കാണാന്‍ കിട്ടില്ല!! പെരിങ്ങോട്ടുകരയിലെ മന്ത്രി വാക്യം ചെവിക്കൊണ്ട് എല്ലാവരും തിരക്കിട്ട് മുട്ട വാങ്ങി സ്റ്റോക്ക് ചെയ്തതിനാലല്ല ഈ 'ഷോര്‍ട്ടേജ്'.ആവശ്യത്തിനനുസരിച്ചുള്ള ഉല്പാദനം ഇവിടെയില്ലാത്തതിനാല്‍ പുറം രാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന മുട്ടകളാണ് യു.എ.ഇയിലെ മാര്‍ക്കറ്റുകളില്‍ വിപണനം ചെയ്തുവന്നിരുന്നത്. കോഴിപ്പനി ഭീഷണി കാരണം മുട്ടയും മറ്റു കോഴി ഉല്‍പ്പന്നങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതും താരതമ്യേന മുട്ട ഉല്പാദനം കുറഞ്ഞ സീസണായതും കോഴിമുട്ട കഴിക്കാനുള്ള ഇവിടുത്തെ ജനങ്ങളുടെ ആഗ്രഹത്തിനു കടിഞ്ഞാണിട്ടു. കൂനിന്മേല് കുരുവെന്നപോലെ, ഈ പ്രസ്താവന ഇടതടവില്ലാതെ മലയാള ടെലിവിഷന്‍ ചാനലുകള്‍ ആഘോഷമായി അവതരിപ്പിച്ചുകൊണ്ടിരുന്നത് കണ്ട് കണ്ട് ആവേശമുള്ക്കൊണ്ടവര് മുട്ട വങ്ങാനായി നെട്ടോട്ടമോടെണ്ട ഗതികേടിലാണ്.
ദുബൈയില്‍ ഒരു കോഴിമുട്ടക്കു ഒന്നര ദിര്‍ഹത്തിനടുത്തായിരുന്നു കഴിഞ്ഞയാഴ്ച്ച വില. (15 രൂപയിലധികം !) ഇപ്പോള്‍ അതും കിട്ടാനില്ല...ഇനി അരിയിലേക്കു തന്നെ മടങ്ങാം. അരിക്കു ഗള്‍ഫില്‍ പതിന്മടങ്ങ് വില കൂടിയതും ഈ അടുത്ത കാലത്താണ്. ഇനിയിപ്പൊ പുതിയ ഐഡിയ ആരെങ്കിലും പറഞ്ഞു തരുമോ ആവൊ? അതു മന്ത്രി തന്നെ വേണമെന്നില്ലാ...