Saturday, March 29, 2008

ഇത്തിരി നേരം, ഒത്തിരി കാര്യം

ഇന്നലെ നടന്ന സ്നേഹസംഗമത്തിലെ ചില നിമിഷങ്ങള്‍ !

അതുല്ല്യച്ചേച്ചിയും പാച്ചാനയും ഭാവി ബ്ലോഗര്‍മാര്‍ക്കൊപ്പം

ടീ ഷര്‍ട്ടിന്റെ പുറകിലെഴുതിയീരിക്കുന്നതെന്തെന്ന് ദില്‍ബനോടുതന്നെ ചോദിക്കണം !

സൗഹൃദ നിമിഷങ്ങള്‍


അഗ്രജന്‍ ഉന്നം പിടിക്കുന്നത് പടം പിടിക്കാനാണ്‌ കേട്ടോ !

ഇതൊരു സംഭവമായിരുന്നു, ബ്ലോഗ്ഗ് കൂട്ടായ്മയില്‍ നടന്ന പിറന്നാളാഘോഷം,

അതും രണ്ടു മിടുക്കന്മാരായ കുഞ്ഞുങ്ങളുടെ..

(തന്റെ കയ്യില്‍ കത്തിപിടിപ്പിക്കുന്നതാരെന്നാണ്‌ ബിലാല്‍ നോക്കുന്നത് !)

കേക്കിന്‍ കഷണം ആസ്വദിച്ചു കഴിക്കുന്ന ഇദ്ദേഹമാണ്‌‌ അന്‍സില്‍ സുല്‍ത്താന്‍

സന്ധ്യ മയങ്ങും നേരം..വല്ല്യ കുട്ട്യോളും ചെറിയ കുട്ട്യോളും
("ഇത്തിരിവെട്ടം"കാരണം, സൂക്ഷിച്ചു നോക്കിയാലേ എല്ലാരേയും കാണൂ)

കൂട്ടത്തിലുണ്ടായിരുന്ന എല്ലാ കുട്ടികള്‍ക്കും പല വര്‍ണ്ണങ്ങളിലുള്ള തൊപ്പികളും, നിറം കൊടുക്കാനുള്ള പുസ്തകങ്ങളുമായി അവരുടെ ചിത്രങ്ങളെടുത്തും താലോചിച്ചും, ആ നിമിഷങ്ങള്‍ സജീവമാക്കിയ അതുല്ല്യച്ചേച്ചിക്കും ശര്‍മ്മാജിക്കും "ക്ലാപ്സ്".

Thursday, March 27, 2008

ഒന്‍പതു രൂപാ നോട്ട്ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ സ്ക്രീനില്‍ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നതില്‍ കഴിവ് തെളിയിച്ചൊരു കലാകാരനാണ്‌ തങ്കര്‍ ബച്ചന്‍. തങ്കര്‍ ബച്ചന്റെ ഓരോ സിനിമകളും നമ്മുടെ ഓര്‍മ്മകളില്‍ നിലനില്‍ക്കുന്നതും അതു കൊണ്ടു തന്നെയാണ്‌. അഴകിയും പള്ളിക്കൂടവും..അങ്ങിനെയങ്ങിനെ.. സത്യരാജ്, നാസ്സര്‍, അര്‍ച്ചന, രോഹിണി എന്നീ പ്രഗല്‍ഭ നടീ നടന്മാര്‍ മുഖ്യ കഥാപാത്രങ്ങളായെത്തിയ "ഒന്‍പതു രൂപാ നോട്ട്"എന്ന തങ്കര്‍ ബച്ചന്‍ ചിത്രവും ഏറെ "റിയലിസ്റ്റിക്കാണ്‌".


മണ്ണിനെ വിശ്വസിച്ച, സ്നേഹിച്ച കഠിനാധ്വാനിയായ മാധവരായി സത്യരാജ്, സന്തതസഹചാരിയായ ഭാര്യ വേലായിയായി ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ നടി അര്‍ച്ചന. മാധവരെന്ന മനുഷ്യസ്നേഹി ഒരിക്കലും പണത്തിനായി മോഹിച്ചിട്ടില്ല.തന്റെ സമ്പാദ്യം മുഴുവന്‍ സുഹൃത്തായ കാജാ ബായി (നാസ്സര്‍)ക്ക് ഒരു ജീവിത മാര്‍ഗ്ഗത്തിനായി നല്‍കാന്‍ മാധവര്‍ക്കോ വേലായിക്കോ യാതൊരു മടിയും ഉണ്ടായിരുന്നില്ല. വാര്‍ദ്ധക്യത്തിന്റെ ആദ്യ ദശയില്‍ ഓമന മക്കളില്‍ നിന്നേറ്റ തിരിച്ചടി താങ്ങാനാവാതെ വീടു വിട്ടു പോകുന്ന ദമ്പതികള്‍ എത്രയോ കാലങ്ങള്‍ക്കു ശേഷം കാജാ ബായിയെയും കുടുംബത്തെയും കണ്ടുമുട്ടുകയും അവരുടെ സഹായത്തോടെ വീണ്ടും മണ്ണിനോട് മല്ലടിച്ച് ജീവിക്കുകയും വീണ്ടും പലവിധ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്നു ചിത്രത്തില്‍. കഥ തന്നെയാണ്‌ ചിത്രത്തിനെ കാതല്‍ എന്നു്‌, കഥയെഴുതി, തിരക്കഥയും സംഭാഷണവും രചിച്ച്, ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തു്‌, സം വിധാനവും നിര്‍ വ്വഹിച്ച തങ്കര്‍ ബച്ചനു്‌ നന്നായറിയാം. തമിഴില്‍ ഒട്ടേറെ ചിത്രങ്ങളില്‍ നായക വേഷം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇനിയും മികച്ച നടനെന്ന പേരെടുക്കാനായിട്ടില്ലാത്ത സത്യരാജ് എന്ന നടന്‍ മാധവരായി ജീവിക്കുകയാണ്‌ ചിത്രത്തില്‍. ചിത്രം കാണുമ്പോള്‍ ഇതു സത്യരാജാണെന്നു നമ്മല്‍ അറിയുന്നില്ല അല്ലെങ്കില്‍ ഓര്‍ക്കുന്നില്ല. അര്‍ച്ചനയുടെ പ്രകടനവും മികച്ചതു തന്നെ. കഴിവിനനുസരിച്ചുള്ള അവസരങ്ങള്‍ അര്‍ച്ചന‍ക്കു തമിഴില്‍ ലഭിച്ചിട്ടുണ്ടോ എന്നു സംശയമാണ്‌. (ബാലു മഹേന്ദ്രയുടെ "വീട്" ഇപ്പൊഴും ഓര്‍മ്മയിലുണ്ട്.)


മാധവരുടെയും കാജാബായിയുടെയും കറകളഞ്ഞ സ്നേഹം പലപ്പോഴും നമ്മുടെ കണ്ണുകളേയും ഈറനണിയിക്കുന്നു. വീണ്ടും ഉള്‍നാടന്‍ തമിഴ് ഗ്രാമീണ ദൃശ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നൊരു ചിത്രം നമ്മള്‍ കാണുകയാണ്‌. ഭരദ്വാജിന്റെ സംഗീതം ചിത്രവുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഇപ്പോള്‍ തമിഴ് സിനിമയില്‍ അധികമൊന്നും സജീവമല്ലാത്ത എസ്.പി.ബാലസുബ്രഹ്മണ്യം പാടിയിരിക്കുന്ന ഗാനം നന്നായിരിക്കുന്നു.


അത്ര "ഫാസ്റ്റ്" മൂവിയല്ല എങ്കിലും ചിത്രം ഒരിക്കലും നമ്മെ ബോറടിപ്പിക്കുന്നില്ലെന്നു മാത്രമല്ല..നാം ചിത്രത്തില്‍ ലയിച്ചുപോവുകയും ചെയ്യും. ഗ്രാമത്തില്‍ നടന്ന ഒരു മോഷണവും അന്വേഷണവും, ബസ്സിലെ ചില രംഗങ്ങളും വളരെ തന്മയത്വത്തോടെ തന്നെ പകര്‍ത്തിയിരിക്കുന്നു. ചിത്രത്തിന്റെ ആരംഭത്തിലെ ഒരു സീനില്‍ രാവിലെ സണ്‍ ടിവി ന്യൂസ് ടൈറ്റില്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നുണ്ട്. സമയം രാവിലെ എട്ട് മണിയെന്നു സൂചിപ്പിക്കാനിത് ധാരാളം ! മൊത്തത്തില്‍ തങ്കര്‍ ബച്ചന്റെ മറ്റൊരു മികച്ച ചിത്രം, കണ്ടിരിക്കേണ്ടതും. ഇങ്ങിനെയുള്ള സിനിമകള്‍ നമ്മള്‍ കാണുകയും പ്രോല്‍സാഹിപ്പിക്കുകയും വേണം എന്നു കരുതുന്നൊരാളാണ്‌ ഞാനും..

Wednesday, March 26, 2008

തൃശ്ശൂരിലെ സ്വകാര്യ ബസ്സുകളും ദുബൈയിലെ കാറും

എന്തൊ... ഏതോ...
അഗ്രിഗേറ്ററുകള്‍ക്ക് ഇനിയും ഈ ബ്ലൊഗ് കണ്ണില്‍ പിടിച്ചിട്ടില്ല, അതാണിവിടെ പറയേണ്ടിവന്നത്..
രണ്ട് വിഷയങ്ങള്‍: ഒന്നിവിടെ അടുത്തതിവിടെ

Saturday, March 22, 2008

ലുങ്കി ന്യൂസ്

ഇതാ..ഇങ്ങിനെയും ഒരു ബ്ലോഗ് ആരംഭിച്ചിരിക്കുന്ന വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നൂ...
ലുങ്കി ന്യൂസ് സന്ദര്‍ശിച്ചാലും....

Wednesday, March 12, 2008

പത്മപ്രിയയുടെ മൃഗം !റിലീസിനു മുന്‍പേ ജനശ്രദ്ധ നേടിയ തമിഴ് ചിത്രമാണ്‌ "മൃഗം". സംവിധായകന്‍ സാമി തന്റെ മുഖത്തടിച്ചുവെന്ന പരാതിയുമായി നടി പത്മപ്രിയ രംഗത്തുവന്നതും മറ്റും മറക്കാറായില്ല.കഴിഞ്ഞ ദിവസമാണ്‌ "മൃഗം" കണ്ടത്.

തമിഴ് സിനിമയില്‍, ക്യാമറ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് തിരിച്ച് ഒരു പുതിയൊരനുഭവം പകര്‍ന്ന ഭാരതിരാജയുടെ വഴിയേ ഒട്ടേറെ നവാഗതര്‍ ഇപ്പോഴും ‍ സഞ്ചരിക്കുന്നു..സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വെയ്യില്‍, പരുത്തിവീരന്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ ഇതിന്റെ പുതിയ ഉദാഹരണങ്ങളാണ്‌. അതേ ഗണത്തില്‍ പെടുത്താവുന്ന മറ്റോരു ചിത്രം കൂടി - മൃഗം.

പരുക്കനും താന്തോന്നിയുമായ അയ്യനാര്‍ എന്ന നായക കഥാപാത്രമായി അഭിനയിക്കുന്നത് ആദിയാണ്‌. തന്റെ ജീവിത മാര്‍ഗ്ഗമായ ഒരു വിത്തുകാളയുമായി നാടുചുറ്റുന്ന അയ്യനാര്‍ക്കില്ലാത്ത ദു:ശ്ശീലങ്ങളില്ല. നായികയായെത്തുന്ന അളകമ്മയായി പത്മപ്രിയ നിറഞ്ഞുനില്‍ക്കുകയാണ്‌ ചിത്രത്തില്‍. ഒരു വരണ്ട തമിഴ് ഗ്രാമത്തിന്റെയും ഗ്രാമീണ ജീവിതത്തിന്റെയും പൊള്ളുന്ന പകര്‍പ്പാണീ ചിത്രം. ഭൂരിഭാഗവും പുതുമുഖങ്ങളാണ്‌ ചിത്രത്തിലുടനീളം.

ഒരു സാദാരണ സിനിമാ സങ്കല്പത്തിനു വിപരീതമായി കഥ പറഞ്ഞുപോകുന്ന രീതിയാണ്‌ സാമി ഈ ചിത്രത്തില്‍ സ്വീകരിച്ചിട്ടുള്ളത്. അയ്യനാരുടെ മൃഗതുല്ല്യമായ (പലപ്പോഴും അതിനുമപ്പുറവും) ജീവിതം വരച്ചുകാട്ടുന്ന ചിത്രം പകുതിക്കു ശേഷം എയ് ഡ്സിന്റെ മാരകവും അതിലേറെ ദയനീയവുമായ അവസ്ഥ നമുക്കു കാട്ടിത്തരുന്നു. പ്രേക്ഷകന്റെ മനസ്സിലേക്കു ഒരു വേദനയായി ആഴ്ന്നിറങ്ങുകയാണ്‌ ചിത്രത്തിന്റെ അവസാനം. ഇതൊരു ലോകോത്തര കലാസൃഷ്ടിയൊന്നുമല്ല, എങ്കിലും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്. തോട്ട തരണിയുടെ സെറ്റും രാം നാഥ് ഷെട്ടിയുടെ ക്യാമറയും ഈ ചിത്രത്തിന്റെ സവിശേഷതകളില്‍ പെടുന്നു. ചിത്രത്തിന്റെ കളര്‍ തീം തികച്ചും കഥക്കും കഥ നടക്കുന്ന ഗ്രാമത്തിനും അനുയോജ്യം. സബേഷ് മുരളിയുടെ സംഗീതം ചിത്രത്തിനു തീരെ സഹായകമാവുന്നില്ലെന്ന് മാത്രം. പല രംഗങ്ങളും ഒരു കുടുംബ സദസ്സിനു അനുയോജ്യമായവയല്ലെന്നു ഒരഭിപ്രായമുണ്ട്. പക്ഷേ നായകന്‍ അയ്യനാരുടെ മൃഗതുല്ല്യമായ ജീവിത ശൈലി അവതരിപ്പിക്കുമ്പോള്‍ സംവിധായകന്‌ ഈ രംഗങ്ങള്‍ ഒഴിവാക്കാവുന്നതല്ല.എന്റെ അഭിപ്രായത്തില്‍ പത്മപ്രിയയാണ്‌ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഷൂട്ടിങ്ങിനിടയില്‍ ഇങ്ങിനെയൊരു പ്രശ്നം വേണ്ടിയിരുന്നില്ല. എന്തെന്നാല്‍... നല്ല കലാകാരന്മാരുടെ ഒത്തുചേരല്‍ നല്ല സൃഷ്ടികളുടെ ജനനത്തിനു കാരണമാകുന്നു !

Monday, March 10, 2008

സില്‍ക്കിന്റെ മരണം : ആത്മഹത്യയോ..

തിരുപ്പതി രാജയെന്നോരു സിനിമാ സംവിധായകനെ അധികമാരും കേട്ടിരിക്കാനിടയില്ല. നടി സില്‍ക്ക് സ്മിതയുടെ ആദ്യ ചിത്രമായ "വീണയും നാദമും"എന്ന ചിത്രം സം വിധാനം ചെയ്തത് ഇദ്ദേഹമാണ്‌. തിരുപ്പതി രാജ സില്‍ക്ക് സ്മിതയെപ്പറ്റി എഴുതിയ ഒരു പുസ്തകം വൈകാതെ പുറത്തിറക്കുമെന്നു പറഞ്ഞാണ്‌ ഇപ്പോള്‍ ജനശ്രദ്ധ നേടിയിരിക്കുന്നത്. സില്‍ക്കിന്റെ മരണം ആത്മഹത്യയായിരുന്നില്ലെന്നും ഈ പുസ്തകത്തിലെ ചില വെളിപ്പെടുത്തലുകള്‍ പല ഉന്നതന്മാരുടെയും ഉറക്കം കെടുത്തുമെന്നും സംവിധായകന്‍ തിരുപ്പതി രാജ !

Saturday, March 1, 2008

നമ്മള്‍ നിസ്സഹായര്‍

കഴിഞ്ഞ ചൊവ്വാഴ്ച ഒരു സഹപ്രവര്‍ത്തകന്‍ ഫോണില്‍ പറഞ്ഞാണറിഞ്ഞത്, വടക്കെ ഇന്ത്യക്കാരനായ മറ്റൊരു സഹപ്രവര്‍ത്തകന്റെ സഹോദരിക്കു സുഖമില്ലെന്നും അയാളത്യാവശ്യമായി ഉടനെ നാട്ടിലേക്ക് തിരിക്കുകയാണെന്നും. കൂടുതല്‍ തിരക്കിയപ്പോള്‍ ക്യാന്‍സറാണസുഖമെന്നുമറിഞ്ഞു. കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ജോലിക്കു ചേര്‍ന്ന ആ ചെറുപ്പക്കാരന്റെ മുഖം എന്റെ മനസ്സില്‍..എപ്പോഴും പ്രസന്ന വദനനായി കാണപ്പെട്ടിരുന്ന ഒരു പയ്യന്‍.

വ്യാഴാഴ്ച ഉച്ചക്കു ശേഷം ഓഫീസില്‍ നിന്നും താഴെയെത്തിയപ്പോള്‍ കണ്ടു, അയാളെ നേരിട്ട്. പാസ്പോര്‍ട്ടും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റുമായി അയാള്‍..ഇങ്ങോട്ടെന്തെങ്കിലും പറയും മുന്‍പേ ഞാന്‍ പറഞ്ഞു..
ഞാനെല്ലാം അറിഞ്ഞു..സഹോദരി..എത്ര പ്രായമായിരുന്നു?
"ഇരുപത് വയസ്സായിരുന്നു, കുറച്ചു ദിവസമായി ആശുപത്രിയിലായിരുന്നു..ആദ്യമാദ്യം അറിഞ്ഞിരുന്നില്ല..കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും വീട്ടിലേക്കു പോന്നു..അസുഖം എല്ലുകളിലെല്ലാം വ്യാപിച്ചിരിക്കുന്നു..ഇനി വേദനക്കുള്ള മരുന്നു മാത്രമേ കഴിക്കാനുള്ളൂ.." അയാള്‍ പറഞ്ഞു നിര്‍ത്തി. നിശ്ശബ്ദത..അയാളെ എന്തു പറഞ്ഞാശ്വസിപ്പിക്കാന്‍..
"എനിക്കിന്നു പോകാന്‍ ഒരു ഫ്ലൈറ്റിലും ടിക്കറ്റ് കിട്ടിയില്ല..ഇനി നാളെയേ പോകാന്‍ പറ്റൂ.."അയാള്‍ തുടര്‍ന്നു. "അവള്‍ക്കെന്നെ വലിയ ഇഷ്ടമായിരുന്നു, ഞങ്ങള്‍ കൂട്ടുകാരെപ്പോലെയായിരുന്നു.."
"ബായ്..താങ്കള്‍ അവള്‍ക്കു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കണം" രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്നറിയാമായിരുന്നിട്ടും അതും പറഞ്ഞ് മുന്നോട്ട് നീങ്ങിയ ആ സഹോദരന്റെ കണ്ണുനീര്‍ എന്നിലേക്കും പതിയെ പടരുന്നത് ഞാനറിഞ്ഞു..

അയാള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ എന്തായിരിക്കും അവസ്ഥ..സഹോദരന്‍ ഗള്‍ഫില്‍ നിന്നും കൈ നിറയെ സമ്മാനങ്ങളുമായി വരുന്ന ഒരു ദിനം ആ സഹോദരിയും സ്വപ്നം കണ്ടിരിക്കില്ലേ? ഏറെ സന്തോഷത്തോടെ നാട്ടില്‍ പോകുന്ന ഒരു സന്തോഷ ദിനം അയാളിലുമുണ്ടായിരുന്നിരിക്കും.. അയാള്‍ പോയ ശേഷവും ഈ ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടേയിരുന്നു. ഒപ്പം ആ മാരക അസുഖത്തിന്റെ തീവ്രതയും..എത്ര പെട്ടെന്നാണ്‌ എല്ലാം തകിടം മറിയുക, ഇരുപത് വസ്സില്‍..ആ കൊച്ചു സോദരിക്കു നേരിട്ട ഈ യാതന..ആ കുടുംബത്തിന്റെ തോരാത്ത കണ്ണുനീര്‍..ഈ ചിന്തകള്‍ എന്നെ ഇന്നലെയും വ്യാകുലപ്പെടുത്തി...

ശനിയാഴ്ച: ഇന്നു രാവിലെ ഓഫീസിലെത്തിയ ശേഷം വന്ന ആദ്യ ഫോണ്‍ കോളുകളില്‍ ഒന്ന് വെയര്‍ഹൗസില്‍ നിന്നായിരുന്നു.
" അവന്റെ പെങ്ങള്‍ ഇന്നലെ രാത്രി മരിച്ചു.. "

"അവന്‍ അവിടെയെത്തുമ്പോഴേക്കും അസുഖം കൂടി വീണ്ടും ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു, ഐ.സി.യു വിലായിരുന്ന പെങ്ങളെ അടുത്തു കാണുവാനായി"
പക്ഷേ, തന്റെ കൂടെപ്പിറപ്പിന്റെ സാനിധ്യം ആ സഹോദരി അറിഞ്ഞില്ല..അതിനും എത്രയോ മുന്‍പേ അവള്‍ അബോധാവസ്ഥയിലായിക്കഴിഞ്ഞിരുന്നു. പിന്നീടവള്‍ കണ്ണു തുറന്നതേയില്ല.

ഒന്നും പറയാനാവാതെ ഞാന്‍ ഫോണ്‍ താഴെ വച്ചു. ഒരു നിമിഷം..ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആ സഹോദരിക്കു വേണ്ടി വീണ്ടും ഞാന്‍ പ്രാര്‍ത്ഥിച്ചുവോ...