Wednesday, March 12, 2008

പത്മപ്രിയയുടെ മൃഗം !റിലീസിനു മുന്‍പേ ജനശ്രദ്ധ നേടിയ തമിഴ് ചിത്രമാണ്‌ "മൃഗം". സംവിധായകന്‍ സാമി തന്റെ മുഖത്തടിച്ചുവെന്ന പരാതിയുമായി നടി പത്മപ്രിയ രംഗത്തുവന്നതും മറ്റും മറക്കാറായില്ല.കഴിഞ്ഞ ദിവസമാണ്‌ "മൃഗം" കണ്ടത്.

തമിഴ് സിനിമയില്‍, ക്യാമറ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് തിരിച്ച് ഒരു പുതിയൊരനുഭവം പകര്‍ന്ന ഭാരതിരാജയുടെ വഴിയേ ഒട്ടേറെ നവാഗതര്‍ ഇപ്പോഴും ‍ സഞ്ചരിക്കുന്നു..സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വെയ്യില്‍, പരുത്തിവീരന്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ ഇതിന്റെ പുതിയ ഉദാഹരണങ്ങളാണ്‌. അതേ ഗണത്തില്‍ പെടുത്താവുന്ന മറ്റോരു ചിത്രം കൂടി - മൃഗം.

പരുക്കനും താന്തോന്നിയുമായ അയ്യനാര്‍ എന്ന നായക കഥാപാത്രമായി അഭിനയിക്കുന്നത് ആദിയാണ്‌. തന്റെ ജീവിത മാര്‍ഗ്ഗമായ ഒരു വിത്തുകാളയുമായി നാടുചുറ്റുന്ന അയ്യനാര്‍ക്കില്ലാത്ത ദു:ശ്ശീലങ്ങളില്ല. നായികയായെത്തുന്ന അളകമ്മയായി പത്മപ്രിയ നിറഞ്ഞുനില്‍ക്കുകയാണ്‌ ചിത്രത്തില്‍. ഒരു വരണ്ട തമിഴ് ഗ്രാമത്തിന്റെയും ഗ്രാമീണ ജീവിതത്തിന്റെയും പൊള്ളുന്ന പകര്‍പ്പാണീ ചിത്രം. ഭൂരിഭാഗവും പുതുമുഖങ്ങളാണ്‌ ചിത്രത്തിലുടനീളം.

ഒരു സാദാരണ സിനിമാ സങ്കല്പത്തിനു വിപരീതമായി കഥ പറഞ്ഞുപോകുന്ന രീതിയാണ്‌ സാമി ഈ ചിത്രത്തില്‍ സ്വീകരിച്ചിട്ടുള്ളത്. അയ്യനാരുടെ മൃഗതുല്ല്യമായ (പലപ്പോഴും അതിനുമപ്പുറവും) ജീവിതം വരച്ചുകാട്ടുന്ന ചിത്രം പകുതിക്കു ശേഷം എയ് ഡ്സിന്റെ മാരകവും അതിലേറെ ദയനീയവുമായ അവസ്ഥ നമുക്കു കാട്ടിത്തരുന്നു. പ്രേക്ഷകന്റെ മനസ്സിലേക്കു ഒരു വേദനയായി ആഴ്ന്നിറങ്ങുകയാണ്‌ ചിത്രത്തിന്റെ അവസാനം. ഇതൊരു ലോകോത്തര കലാസൃഷ്ടിയൊന്നുമല്ല, എങ്കിലും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്. തോട്ട തരണിയുടെ സെറ്റും രാം നാഥ് ഷെട്ടിയുടെ ക്യാമറയും ഈ ചിത്രത്തിന്റെ സവിശേഷതകളില്‍ പെടുന്നു. ചിത്രത്തിന്റെ കളര്‍ തീം തികച്ചും കഥക്കും കഥ നടക്കുന്ന ഗ്രാമത്തിനും അനുയോജ്യം. സബേഷ് മുരളിയുടെ സംഗീതം ചിത്രത്തിനു തീരെ സഹായകമാവുന്നില്ലെന്ന് മാത്രം. പല രംഗങ്ങളും ഒരു കുടുംബ സദസ്സിനു അനുയോജ്യമായവയല്ലെന്നു ഒരഭിപ്രായമുണ്ട്. പക്ഷേ നായകന്‍ അയ്യനാരുടെ മൃഗതുല്ല്യമായ ജീവിത ശൈലി അവതരിപ്പിക്കുമ്പോള്‍ സംവിധായകന്‌ ഈ രംഗങ്ങള്‍ ഒഴിവാക്കാവുന്നതല്ല.എന്റെ അഭിപ്രായത്തില്‍ പത്മപ്രിയയാണ്‌ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഷൂട്ടിങ്ങിനിടയില്‍ ഇങ്ങിനെയൊരു പ്രശ്നം വേണ്ടിയിരുന്നില്ല. എന്തെന്നാല്‍... നല്ല കലാകാരന്മാരുടെ ഒത്തുചേരല്‍ നല്ല സൃഷ്ടികളുടെ ജനനത്തിനു കാരണമാകുന്നു !

3 comments:

ഫസല്‍ ബിനാലി.. said...

നന്ദി,
ആശംസകള്‍.

മൂര്‍ത്തി said...

തിയറ്ററില്‍ സിനിമ കണ്ടിട്ട് കാലം കുറെയായി..

ബൈജു സുല്‍ത്താന്‍ said...

ഞാനും..ഇവിടെ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്‌. കുടുംബ സമേതം സിനിമക്ക് പോയാല്‍ കുത്തുപാളയെടുക്കും..അതിനാല്‍ ഡിവിഡികളും വിസിഡികളും നമ്മളെ സിനിമ കാണാന്‍ സഹായിക്കുന്നു...