Saturday, March 1, 2008

നമ്മള്‍ നിസ്സഹായര്‍

കഴിഞ്ഞ ചൊവ്വാഴ്ച ഒരു സഹപ്രവര്‍ത്തകന്‍ ഫോണില്‍ പറഞ്ഞാണറിഞ്ഞത്, വടക്കെ ഇന്ത്യക്കാരനായ മറ്റൊരു സഹപ്രവര്‍ത്തകന്റെ സഹോദരിക്കു സുഖമില്ലെന്നും അയാളത്യാവശ്യമായി ഉടനെ നാട്ടിലേക്ക് തിരിക്കുകയാണെന്നും. കൂടുതല്‍ തിരക്കിയപ്പോള്‍ ക്യാന്‍സറാണസുഖമെന്നുമറിഞ്ഞു. കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ജോലിക്കു ചേര്‍ന്ന ആ ചെറുപ്പക്കാരന്റെ മുഖം എന്റെ മനസ്സില്‍..എപ്പോഴും പ്രസന്ന വദനനായി കാണപ്പെട്ടിരുന്ന ഒരു പയ്യന്‍.

വ്യാഴാഴ്ച ഉച്ചക്കു ശേഷം ഓഫീസില്‍ നിന്നും താഴെയെത്തിയപ്പോള്‍ കണ്ടു, അയാളെ നേരിട്ട്. പാസ്പോര്‍ട്ടും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റുമായി അയാള്‍..ഇങ്ങോട്ടെന്തെങ്കിലും പറയും മുന്‍പേ ഞാന്‍ പറഞ്ഞു..
ഞാനെല്ലാം അറിഞ്ഞു..സഹോദരി..എത്ര പ്രായമായിരുന്നു?
"ഇരുപത് വയസ്സായിരുന്നു, കുറച്ചു ദിവസമായി ആശുപത്രിയിലായിരുന്നു..ആദ്യമാദ്യം അറിഞ്ഞിരുന്നില്ല..കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും വീട്ടിലേക്കു പോന്നു..അസുഖം എല്ലുകളിലെല്ലാം വ്യാപിച്ചിരിക്കുന്നു..ഇനി വേദനക്കുള്ള മരുന്നു മാത്രമേ കഴിക്കാനുള്ളൂ.." അയാള്‍ പറഞ്ഞു നിര്‍ത്തി. നിശ്ശബ്ദത..അയാളെ എന്തു പറഞ്ഞാശ്വസിപ്പിക്കാന്‍..
"എനിക്കിന്നു പോകാന്‍ ഒരു ഫ്ലൈറ്റിലും ടിക്കറ്റ് കിട്ടിയില്ല..ഇനി നാളെയേ പോകാന്‍ പറ്റൂ.."അയാള്‍ തുടര്‍ന്നു. "അവള്‍ക്കെന്നെ വലിയ ഇഷ്ടമായിരുന്നു, ഞങ്ങള്‍ കൂട്ടുകാരെപ്പോലെയായിരുന്നു.."
"ബായ്..താങ്കള്‍ അവള്‍ക്കു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കണം" രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്നറിയാമായിരുന്നിട്ടും അതും പറഞ്ഞ് മുന്നോട്ട് നീങ്ങിയ ആ സഹോദരന്റെ കണ്ണുനീര്‍ എന്നിലേക്കും പതിയെ പടരുന്നത് ഞാനറിഞ്ഞു..

അയാള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ എന്തായിരിക്കും അവസ്ഥ..സഹോദരന്‍ ഗള്‍ഫില്‍ നിന്നും കൈ നിറയെ സമ്മാനങ്ങളുമായി വരുന്ന ഒരു ദിനം ആ സഹോദരിയും സ്വപ്നം കണ്ടിരിക്കില്ലേ? ഏറെ സന്തോഷത്തോടെ നാട്ടില്‍ പോകുന്ന ഒരു സന്തോഷ ദിനം അയാളിലുമുണ്ടായിരുന്നിരിക്കും.. അയാള്‍ പോയ ശേഷവും ഈ ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടേയിരുന്നു. ഒപ്പം ആ മാരക അസുഖത്തിന്റെ തീവ്രതയും..എത്ര പെട്ടെന്നാണ്‌ എല്ലാം തകിടം മറിയുക, ഇരുപത് വസ്സില്‍..ആ കൊച്ചു സോദരിക്കു നേരിട്ട ഈ യാതന..ആ കുടുംബത്തിന്റെ തോരാത്ത കണ്ണുനീര്‍..ഈ ചിന്തകള്‍ എന്നെ ഇന്നലെയും വ്യാകുലപ്പെടുത്തി...

ശനിയാഴ്ച: ഇന്നു രാവിലെ ഓഫീസിലെത്തിയ ശേഷം വന്ന ആദ്യ ഫോണ്‍ കോളുകളില്‍ ഒന്ന് വെയര്‍ഹൗസില്‍ നിന്നായിരുന്നു.
" അവന്റെ പെങ്ങള്‍ ഇന്നലെ രാത്രി മരിച്ചു.. "

"അവന്‍ അവിടെയെത്തുമ്പോഴേക്കും അസുഖം കൂടി വീണ്ടും ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു, ഐ.സി.യു വിലായിരുന്ന പെങ്ങളെ അടുത്തു കാണുവാനായി"
പക്ഷേ, തന്റെ കൂടെപ്പിറപ്പിന്റെ സാനിധ്യം ആ സഹോദരി അറിഞ്ഞില്ല..അതിനും എത്രയോ മുന്‍പേ അവള്‍ അബോധാവസ്ഥയിലായിക്കഴിഞ്ഞിരുന്നു. പിന്നീടവള്‍ കണ്ണു തുറന്നതേയില്ല.

ഒന്നും പറയാനാവാതെ ഞാന്‍ ഫോണ്‍ താഴെ വച്ചു. ഒരു നിമിഷം..ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആ സഹോദരിക്കു വേണ്ടി വീണ്ടും ഞാന്‍ പ്രാര്‍ത്ഥിച്ചുവോ...

3 comments:

Anonymous said...

വേദനകള്‍, സഹിക്കുക തന്നെ, അല്ലാതെന്തു ചെയാന്‍..

ശ്രീ said...

ആ സാഹോദരിയുടെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നു.

ചിതല്‍ said...

'വേദനകള്‍, സഹിക്കുക തന്നെ, അല്ലാതെന്തു ചെയാന്‍..'
ഇത് തന്നെ പറയാനുള്ളു...