Saturday, December 22, 2007

പിരിവോം സന്ധിപ്പോംഗാന പരിചയം: പിരിവോം സന്ധിപ്പോം


മൊഴിക്കും സിവപ്പതികാരത്തിനും ശേഷം മനം മയക്കുന്ന സംഗീതവുമായി വിദ്യാസാഗര്‍ വീണ്ടും. ചേരനും സ്നേഹയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന "പിരിവോം സന്ധിപ്പോം" എന്ന തമിഴ്‌ ചിത്രത്തിലെ ആറു ഗാനങ്ങളും ഏറെ ആസ്വാദ്യകരമാണ്‌. നമ്മുടെ വിനീത്‌ ശീനിവാസനും സൈന്ധവിയും ചേര്‍ന്ന് പാടിയിരിക്കുന്ന "ഇരു വിഴിയോ" എന്ന ഗാനമാണു ഏറ്റവും മനോഹരം. കാര്‍ത്തിക്‌,ശ്വേത, സാധനസര്‍ഗം,ഹരിണി, ശ്രേയ,ബല്‍റാം, ജയറാം തുടങ്ങി ഗായക നിര. കേള്‍ക്കും തോറും കാതിനിമ്പം തോന്നിപ്പിക്കുന്ന "മേലൊഡിയസ്സായ" ഈണങ്ങള്‍ തന്നെ.മലയാളത്തിലും വിദ്യാസാഗറിന്റെ ഗാനങ്ങള്‍ നമ്മളെല്ലാം ഏറെ ഇഷ്ടപ്പെടുന്നവയാണ്‌.തമിഴില്‍ മിസ്റ്റര്‍ മദ്രാസ്‌ മുതല്‍ വിദ്യാസാഗര്‍ അനേകം ഇമ്പമാര്‍ന്ന ഗാനങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്‌.അധികം ബഹളങ്ങളില്ലാത്ത മധുര ഈണങ്ങള്‍ ഇഷ്ടപ്പെടുന്ന സംഗീത പ്രേമികള്‍ക്കു ഇഷ്ടമാവും ഈ ഗാനങ്ങള്‍.

Wednesday, December 12, 2007

ത്രിശ്ശൂരിലും എഫ്.എം തരംഗങ്ങള്‍ !!

കോഴിക്കോടിനു ശേഷം ഇനിയിതാ ത്രിശ്ശൂരിലും എഫ്.എം സ്റ്റേഷനുകള്‍ ആരംഭിക്കുന്നു. മാത്രുഭൂമിയുടെ ക്ലബ്ബ് 94.3 എഫ്.എം നാളെ മുതല്‍ ആഘോഷമായി ആരംഭിക്കുകയാണ്‌. ഒപ്പം തന്നെ മനോരമ ഗ്രൂപ്പിന്റെ മാംഗൊ എഫ്.എം ത്രിശ്ശൂരില്‍ അലയടിക്കും. സണ്‍ നെറ്റ്വര്‍ക്കിന്റെ 93.5 എസ് എഫ്.എം സ്റ്റേഷനും ത്രിശ്ശൂരില്‍ വൈകാതെ സംഗീതമൊഴുക്കാന്‍ തുടങ്ങും. എല്ലാം ചേര്‍ന്ന് സംഗീതമയമായ ദിനങ്ങളായിരിക്കും ഇനി കോഴിക്കോടും ത്രിശ്ശൂരുമെല്ലാം.കേള്‍ക്കൂ..കേട്ടുകൊണ്ടേയിരിക്കൂ....

Tuesday, December 11, 2007

ഈദ് അവധി ദിനങ്ങള്‍

പൊതുവെ അവധി ദിനങ്ങള്‍ കുറവായ ഗള്‍ഫില്‍, അങ്ങിനെയൊരു ദിവസം കിട്ടിയാല്‍ വലിയ വിശേഷമാണ്. നാട്ടില്‍, കേരളത്തിലാണെങ്കില്‍ അവധിക്കൊരു പഞ്ഞവുമില്ല, പ്രഖ്യാപിത അവധി ദിനങ്ങളും, രാഷ്ട്രീയ പാര്‍ട്ടികള്‍ കനിഞ്ഞനുഗ്രഹിച്ച് നല്‍കുന്ന ബന്ത് ദിനങ്ങളും, ഞങ്ങള്‍ക്ക് അസൂയ തോന്നിപ്പോകാറുണ്ട്..
അങ്ങനെ 2007ലെ യു.എ.ഇ അവധി ദിന പ്രഖ്യാപനം വന്നു കഴിഞ്ഞു. അടുത്ത ചൊവ്വാഴ്ച മുതല്‍ മൂന്നു ദിവസം അവധി. വെള്ളിയടക്കം നാലു ദിവസം. ഇനി ശനി കൂടി അവധിയുള്ള ചില ഭാഗ്യവാന്മാര്‍ക്ക് 5 ദിവസത്തെ അവധി.ആകെക്കൂടി സംഗതി കുശാല്‍. ഇനിയും അവധി ദിനങ്ങള്‍ ഈ മാസാന്ത്യം വരെ ബാക്കിയുണ്ട്. ക്രിസ്തുമസ്, പുതു വര്‍ഷം അങ്ങിനെയങ്ങിനെ...
ഇതൊന്നും ആസ്വദിക്കാനാവാതെ എന്നും കാഠിന്യമേറിയ ജോലിയുമായി കഷ്ടപ്പെടുന്ന ആയിരക്കണക്കിനു മലയാളികള്‍ ഗള്‍‍ഫിലുണ്ട്..
അവരെ സലാം ചെയ്തോട്ടെ..!

Saturday, December 8, 2007

മുട്ടയില്ലാ രാജ്യത്ത്‌ !!അരിഭക്ഷണത്തിനു പകരമായി കോഴിമുട്ടയും പാലും "ട്രൈ" ചെയ്തു നോക്കാനുള്ള മന്ത്രിയുടെ ആഹ്വാനം തള്ളിക്കളയുന്നില്ല. അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നുമില്ല. കാരണം മൃഗ സംരക്ഷണ വാരം ഉല്‍ഘാടനം ചെയ്തു കൊണ്ടു നടത്തിയ പ്രസംഗത്തിലാണ്‌ മന്ത്രി ഇങ്ങനെ പറഞ്ഞത്‌ എന്നതുകൊണ്ടുതന്നെ..മൃഗ പ്രദര്‍ശനം നടക്കുന്ന മൈതാനത്തിനരികില്‍ ഒരുക്കിയ വേദിയില്‍ സംസാരിക്കുമ്പോള്‍ മൃഗ ഉല്‍പ്പന്നങ്ങളില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ടു ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കു ഗുണം കിട്ടിയേക്കാവുന്ന ഒരു പ്രസ്താവന എന്നതില്‍ കവിഞ്ഞ്‌ മറ്റൊന്നും അദ്ദേഹം കരുതിയിരിക്കാനിടയില്ല..(ഈ പ്രസംഗമത്രയും കേട്ടു കൊണ്ടിരുന്ന പാവം മൃഗങ്ങളുടെ പ്രതികരണം എന്താണോ ആവോ?)മന്ത്രിയുടെ ആഹ്വാനം ശിരസ്സാ വഹിച്ച്‌ കുറച്ചു മുട്ട വാങ്ങി ശാപ്പിട്ടു തുടങ്ങാം എന്നു ഏതെങ്കിലും ഗള്‍ഫ്‌ മലയാളി സുഹ്രുത്തുക്കള്‍ കരുതിയെങ്കില്‍ അതൊരു സ്വപ്നം മാത്രമായി അവശേഷിക്കാനാണിട. യു.എ.ഇയില്‍, പ്രത്യേകിച്ച്‌ ദുബൈയില്‍ മുട്ട കണി കാണാന്‍ കിട്ടില്ല!! പെരിങ്ങോട്ടുകരയിലെ മന്ത്രി വാക്യം ചെവിക്കൊണ്ട്‌ എല്ലാവരും തിരക്കിട്ട്‌ മുട്ട വാങ്ങി സ്റ്റോക്ക്‌ ചെയ്തതിനാലല്ല ഈ 'ഷോര്‍ട്ടേജ്‌'.ആവശ്യത്തിനനുസരിച്ചുള്ള ഉല്‍പാദനം ഇവിടെയില്ലാത്തതിനാല്‍ പുറം രാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന മുട്ടകളാണ്‌ യു.എ.ഇയിലെ മാര്‍ക്കറ്റുകളില്‍ വിപണനം ചെയ്തുവന്നിരുന്നത്‌. കോഴിപ്പനി ഭീഷണി കാരണം മുട്ടയും മറ്റു കോഴി ഉല്‍പ്പന്നങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതും താരതമ്യേന മുട്ട ഉല്‍പാദനം കുറഞ്ഞ സീസണായതും കോഴിമുട്ട കഴിക്കാനുള്ള ഇവിടുത്തെ ജനങ്ങളുടെ ആഗ്രഹത്തിനു കടിഞ്ഞാണിട്ടു. കൂനിന്മേല്‍ കുരുവെന്നപോലെ, ഈ പ്രസ്താവന ഇടതടവില്ലാതെ മലയാള ടെലിവിഷന്‍ ചാനലുകള്‍ ആഘോഷമായി അവതരിപ്പിച്ചുകൊണ്ടിരുന്നത്‌ കണ്ട്‌ കണ്ട്‌ ആവേശമുള്‍ക്കൊണ്ടവര്‍ മുട്ട വങ്ങാനായി നെട്ടോട്ടമോടെണ്ട ഗതികേടിലാണ്‌.

ദുബൈയില്‍ ഒരു കോഴിമുട്ടക്കു ഒന്നര ദിര്‍ഹത്തിനടുത്തായിരുന്നു കഴിഞ്ഞയാഴ്ച്ച വില. (15 രൂപയിലധികം !) ഇപ്പോള്‍ അതും കിട്ടാനില്ല...ഇനി അരിയിലേക്കു തന്നെ മടങ്ങാം. അരിക്കു ഗള്‍ഫില്‍ പതിന്മടങ്ങ്‌ വില കൂടിയതും ഈ അടുത്ത കാലത്താണ്‌. ഇനിയിപ്പൊ പുതിയ ഐഡിയ ആരെങ്കിലും പറഞ്ഞു തരുമോ ആവൊ? അതു മന്ത്രി തന്നെ വേണമെന്നില്ലാ...

Thursday, December 6, 2007

അവാര്‍ഡുകള്‍ വരുന്ന വഴി!

അമ്മ - ആന്വല്‍ മലയാളം മൂവി അവാര്‍ഡ്സ്‌ എന്നു മുഴുവന്‍ രൂപം! യു.എ.ഇ യിലെ സിനിമാ പ്രേക്ഷകര്‍ എസ്‌.എം.എസ്‌, ഇ-മെയില്‍ ഇത്യാദി വഴി തെരഞ്ഞെടുക്കുന്ന മികച്ച ചിത്രം, സങ്കേതിക പ്രവര്‍ത്തകര്‍. ഇതാണു സംഭവം. വിശേഷമതല്ലാ..തെരഞ്ഞെടുപ്പു കഴിഞ്ഞു വിജയികളെ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു..ഡിസംബര്‍ 8നു അവാര്‍ഡ്‌ ദാനം ദുബൈയില്‍ വച്ച്‌..2007 ലെ മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്‌ "ഒരേ കടല്‍" ! അതൊരു മോശം സിനിമയാണെന്നു അഭിപ്രായമില്ലാ. എന്നാല്‍ എന്റെ എളിയ സംശയം അതല്ലാ..യു.ഇ.ഈയില്‍ ഈ ചിത്രം എത്രപേര്‍ കണ്ടിട്ടുണ്ട്‌? തീയേറ്ററില്‍ പോയി കണ്ടവര്‍ വളരെ കുറവാണ്‌. അപ്പൊ ആരും കാണാത്ത ഈ ചിത്രം ആരു തെരഞ്ഞെടുത്തു? അല്ലെങ്കില്‍ എല്ലാരും വ്യാജ സി.ഡി. യായിരിക്കണം കണ്ടത്‌. ഇതും മറ്റൊരു എസ്‌.എം.എസ്‌ മായാജാലമാണോ? എന്റെ സംശയം മാത്രം... എന്തായാലും അവാര്‍ഡുകള്‍ നീണാല്‍ വാഴട്ടെ..നല്ല സിനിമകള്‍ വളരട്ടേ....