Sunday, April 12, 2020

അർജ്ജുനൻ മാഷിന്റെ പാട്ടുകൾ - 3

(പാട്ടുകളും സന്തോഷും പിന്നെ ഞാനും - തുടരുന്നു)

ഇനി പരിശോധിക്കേണ്ടത് ' ഓടിപ്പോകും വസന്തകാലമേ..' എന്ന ഗാനമാണ്. എം കെ അർജുനൻ മാഷിനെ ഉൾക്കൊണ്ടിരിക്കുന്ന ഒരു ഗാനമാണത്. ആ ഒരു ഗാനം മാത്രം ശ്രദ്ധിച്ചാൽ അദ്ദേഹം കൊടുത്തിരിക്കുന്ന ലാളിത്യമാർന്ന സ്വന്തം രീതി നമുക്ക് കണ്ടെത്താൻ കഴിയും.  ' കസ്തൂരി മണക്കുന്നല്ലോ കാറ്റേ... എന്ന പിക്നിക്കിലെ ഗാനവും 'തളിർവലയോ.. താമരവലയോ..' എന്ന ചീനവലയിലെ ഗാനവും ഒരേ സംഗീത സംവിധായകൻ്റേതു തന്നെയാണെന്ന തിരിച്ചറിവിലേക്ക് നമ്മൾ ഉയരേണ്ടതുണ്ട്. അങ്ങനെ മനസ്സിലാക്കാൽ കഴിഞ്ഞാലേആ ഗാനങ്ങളുടെയെല്ലാം ശരിയായ ആസ്വാദനം സാധ്യമാകൂ.


1975 ൽ തന്നെ അർജുനൻ മാസ്റ്റർ നൽകിയ മറ്റു ഗാനങ്ങളെക്കുറിച്ചു കൂടി അറിയുമ്പോൾ അദ്ദേഹത്തിൻ്റെ ഔന്നത്യം നമുക്ക് മനസ്സിലാകും. 

ചിത്രം: ഹലോ ഡാർലിങ് - വയലാർ  & അർജുനൻ മാസ്റ്റർ

1. അനുരാഗമേ അനുരാഗമേ.. യേശുദാസ്
2. കാറ്റിൻ ചിലമ്പൊലിയോ..   യേശുദാസ്
3. ദ്വാരകേ.. ദ്വാരകേ..                 യേശുദാസ്

ചിത്രം: പ്രവാഹം  - ശ്രീകുമാരൻ തമ്പി & അർജുനൻ മാസ്റ്റർ

1. മാവിൻ്റെ കൊമ്പിലിരൊന്നൊരു മൈന വിളിച്ചു..യേശുദാസ്,വാണി ജയറാം
2. ചന്ദനം വളരും ഗംഗതൻ കരയിൽ..   യേശുദാസ്
3. സ്നേഹഗായികേ നിൻ സ്വപ്നവേദിയിൽ... യേശുദാസ്

ചിത്രം: ചട്ടമ്പിക്കല്യാണി - ശ്രീകുമാരൻ തമ്പി & അർജുനൻ മാസ്റ്റർ

1. തരിവളകൾ ചേർന്നു കിലുങ്ങി..   ജയചന്ദ്രൻ
2. പൂവിന് കോപം വന്നാൽ.. യേശുദാസ്
3. നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ..  പി. മാധുരി
4. സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ... യേശുദാസ്

ചിത്രം: തിരുവോണം   - ശ്രീകുമാരൻ തമ്പി & അർജുനൻ മാസ്റ്റർ

1. തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച കാണാൻ.. വാണിജയറാം
2. താരം തുടിച്ചു...  ജയചന്ദ്രൻ
3. ആ ത്രിസന്ധ്യതൻ അനഘമുത്തുകൾ.. യേശുദാസ്
4. എത്ര സുന്ദരീ എത്ര പ്രിയങ്കരി.. യേശുദാസ്
5. കാറ്റിൻ്റെ വഞ്ചിയിൽ... യേശുദാസ്

ചിത്രം: സിന്ധു - ശ്രീകുമാരൻ തമ്പി & അർജുനൻ മാസ്റ്റർ

1. തേടി തേടി ഞാനലഞ്ഞു.. യേശുദാസ് | വാണിജയറാം 
2. എൻ ചിരിയോ പൂത്തിരിയായ്..  യേശുദാസ്, വാണിജയറാം
3. ചെട്ടിക്കുളങ്ങര ഭരണി നാളിൽ.. യേശുദാസ്
4. ചന്ദ്രോദയം കണ്ട് കൈ കൂപ്പി നിൽക്കുന്ന.. ജയചന്ദ്രൻ, വാണിജയറാം
5. ജീവനിൽ ദുഖത്തിൻ ആറാട്ട്.. പി. സുശീല

ചിത്രം: പത്മരാഗം - ശ്രീകുമാരൻ തമ്പി & അർജുനൻ മാസ്റ്റർ

1. ഉറങ്ങാൻ കിടന്നാൽ.. ഓമനേ നീ..   യേശുദാസ്
2. ഉഷസ്സാം സ്വർണ്ണത്താമര വിടർന്നു.. യേശുദാസ്
3. സാന്ധ്യതാരകേ മറക്കുമോ.. യേശുദാസ്
4. കാറ്റുവന്നുതൊട്ടനേരം പൂ ചിരിച്ചുവോ.. യേശുദാസ്, വാണിജയറാം
5. പൂനിനാലാവേ വാ.. ജാനകി
6. മലയാളം ബ്യൂട്ടി..  ബ്രഹ്മാനന്ദൻ, ശ്രീലത
7. സിന്ധുനദീ തീരത്ത്.. യേശുദാസ്, വസന്ത

(തുടരും...)


Saturday, March 9, 2013

അർജ്ജുനൻ മാഷിന്റെ പാട്ടുകൾ - 2

                                                     (പാട്ടുകളും സന്തോഷും പിന്നെ ഞാനും - തുടരുന്നു)
ദേവരാജൻ മാഷിന്റെ മെലൊഡികളുടെയും സ്വാമികളുടെ ക്ലാസ്സിക്ക് ശൈലിയുടെയും പ്രചോദനത്താൽ അദ്ദേഹം തികച്ചും വ്യത്യസ്തമായ രീതിയിൽ തീർത്ത ഗാനങ്ങളെല്ലാം തന്നെ മലയാള സിനിമാ സംഗീതത്തിന് ഒരു മുതൽക്കൂട്ടാണ്. സെമി ക്ലാസ്സിക് ഗാനങ്ങളിലെ എം.കെ അർജ്ജുനൻ ശൈലി തികച്ചും വേറിട്ടുനിൽക്കുന്ന ഒന്നാണ്. 'മാനത്തിൻ മുറ്റത്ത് മഴവില്ലിൻ അഴകെട്ടും..' എന്ന ആദ്യ ചിത്രത്തിലെ ഗാനത്തിൽ തന്നെ സെമി ക്ലാസ്സിക്കിനോടുള്ള എം കെ അർജ്ജുനന്റെ ചായ് വ് പ്രകടമായിരുന്നെങ്കിലും അതിന്റെ വ്യക്തത കൂടുതലും കാണാനായത് തുടർന്നു വന്ന ഗാനങ്ങളിലായിരുന്നു. അവ ഏതൊക്കെയാണെന്ന് നമുക്കു നോക്കാം.
 
1. അനുരാഗമേ..അനുരാഗമേ..മധുര മധുരമാം അനുരാഗമേ..(ഹലോ ഡാർലിങ്ങ് - 1975 - വരികൾ: വയലാർ)
2. അരയാൽ മണ്ഡപം കുളിച്ചു തൊഴുതു നിൽക്കും..(ജയിക്കാനായ് ജയിച്ചവൻ - 1978 - വരികൾ: ശ്രീകുമാരൻ തമ്പി)
3. രവിവർമ്മ ചിത്രത്തിൻ രതിഭാവമേ..(രാജു റഹീം - 1978 - വരികൾ: ആർ.കെ.ദാമോദരൻ)
    ആർ.കെ.ദാമോദരന്റെ ആദ്യഗാനം കൂടിയാണിത്.
4. ഇന്ദീവരങ്ങളിമ തുറന്നൂ.. (ഇരുമ്പഴികളിൽ - 1979 - വരികൾ: ആർ.കെ.ദാമോദരൻ)
5. ആദത്തിൻ അചുംബിത മ്രുദുലാധരത്തിൻ..(ലൈറ്റ് ഹൗസ് - 1976 - വരികൾ: ശ്രീകുമാരൻ തമ്പി)
6. ഏഴുസ്വരങ്ങൾ തൻ ഇന്ദ്രജാലമേ..(ജയിക്കാനായ് ജയിച്ചവൻ - 1978 - വരികൾ: ശ്രീകുമാരൻ തമ്പി)
7. ഭൂമിതൻ പുഷ്പാഭതരണം..(അവൾ ഒരു ദേവാലയം - 1977 - വരികൾ: ഭരണിക്കാവ് ശിവകുമാർ)
8.പാർവതീ സ്വയംവരം കഴിഞ്ഞരാവിൽ..(രാഗം താനം പല്ലവി - 1977 -വരികൾ: എ.പി.ഗോപാലാൻ)
9. സ്വയംവര കന്യകേ..സ്വപ്നയാമിനി..(യാമിനി - 1973 - വരികൾ: കാനം ഇ.ജെ)
10.കളിവിളക്കിൻ..(ടൂറിസ്റ്റ് ബംഗ്ലാവ് - 1975 - വരികൾ: ഒ.എൻ.വി)

ഇവയിൽ നിന്നെല്ലാം വിട്ട് അദ്ദേഹത്തിന്റെ വികാരതീവ്രമായ ഗസൽ പോലെയുള്ള ഗാനമാണ് 'ചെമ്പകതൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി..'(കാത്തിരുന്ന നിമിഷം-ശ്രീകുമാരൻ തമ്പി).ഇതേ രീതിയിലുള്ള മറ്റൊരു ഗാനം ' ശ്രാവണ പൗർണ്ണമി പന്തലിട്ടൂ..(കോരിത്തരിച്ച നാൾ-ചിറയിൻകീഴ് രാമകൃഷ്ണൻ നായർ). 30 സിനിമകൾക്കായി 85 ഗാനങ്ങളെഴുതിയ ഗാനരചയിതാവാണ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എന്നു കൂടി ഓർമ്മിപ്പിക്കട്ടെ. 

എന്നാൽ എം.കെ.അർജുനന്റെ വ്യക്തിത്വം മേൽപ്പറഞ്ഞ പാട്ടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും അതിലെ പാട്ടുകളും വിശകലനം ചെയ്തു നോക്കിയാൽ നമുക്കത് മനസ്സിലാക്കാൻ കഴിയും.

ചിത്രം: പിക്നിക് | 1975 | വരികൾ: ശ്രീകുമാരൻ തമ്പി
കസ്തൂരി മണക്കുന്നല്ലോ കാറ്റേ..(യേശുദാസ്)
ചന്ദ്രക്കല മാനത്ത്..(യേശുദാസ്, വാണിജയറാം)
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..(യേശുദാസ്, വാണിജയറാം)
ഓടിപ്പോകും വസന്തകാലമേ..(യേശുദാസ്)
ശില്പികൾ നമ്മൾ ഭാരത ശില്പികൾ നമ്മൾ (ജയചന്ദ്രൻ)
കുടു കുടു പാടി വരും (ജയചന്ദ്രൻ, മാധുരി)
തേൻപൂവേ..നീയൊരല്പം (ജയചന്ദ്രൻ, മാധുരി)

ഇതിൽ ആദ്യത്തെ അഞ്ചു ഗാനങ്ങളും മിക്കവാറും എല്ലാവരും കേട്ടിരിക്കുമെന്ന് ഉറപ്പാണ്.
വയലാർ-ദേവരാജൻ, പി.ഭാസ്ക്കരൻ-ബാബുരാജ് എന്നീ പ്രതിഭാധനന്മാരുടെ കൂട്ടുകെട്ടു പോലെയുള്ള
ഒരു നിലവാരത്തിലേക്ക് എം.കെ.അർജുനൻ-ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടിനെ ഉയർത്തിയത്
ഇത്തരം വൈവിധ്യമാർന്ന ഗാനങ്ങളാണ്. ഇതിൽ ഏറ്റവും ജനപ്രീതി നേടിയ ഗാനം 'കസ്തൂരി മണക്കുന്നല്ലോ..'  എന്നതാണെങ്കിലും'വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..' എന്ന ഗാനത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ് നാം മനസ്സിലാക്കുമ്പോഴേ  അർജുനൻ മാഷ് ആരായിരുന്നു എന്ന തിരിച്ചറിവിലേക്ക് നാം എത്തിച്ചേരുകയുള്ളൂ.

'വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി..'എന്ന ഡ്യുവറ്റിന്റെ മനോഹാരിതയെ 'a beauty beyond compare' എന്നാണ് പറയേണ്ടിവരിക.അക്കാലം വരെ മലയാള സിനിമാ സംഗീതം കാണാതിരുന്ന-അറിയാതിരുന്ന മെലൊഡിയുടെ പുതിയ സാധ്യതകളിലേക്കാണ് ആ ഗാനം വഴിയൊരുക്കിയത്. നമ്മൾ ഇളയരാജയെപ്പറ്റി പറയാറുണ്ട്.. 'a music composer ahead of his times'.എന്ന്. ഇവിടെ എം.കെ.അർജുനൻ മാഷും കാലത്തിന് മുൻപേ പോയിരുന്ന ഒരു സംഗീത സംവിധായകൻ തന്നെയായിരുന്നു എന്ന് പറയേണ്ടി വരും.

(തുടരും..)

Tuesday, November 6, 2012

അർജ്ജുനൻ മാഷിന്റെ പാട്ടുകൾ

(പാട്ടുകളും സന്തോഷും പിന്നെ ഞാനും - തുടരുന്നു)

1968 ലാണ് എം.കെ.അർജ്ജുനൻ മാഷ് വരുന്നത്, കറുത്ത പൗർണ്ണമിയിലൂടെ. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും നിർബ്ബന്ധമായും കേട്ടിരിക്കേണ്ടതാണ്, സന്തോഷ് തുടർന്നു.  അന്നേവരെ ആരും സ്വീകരിക്കാതിരുന്ന ഒരു വേറിട്ട റൂട്ടിലൂടെയാണ് അദ്ദേഹം തന്റെ ഗാനങ്ങളെ കൊണ്ടുപോയത് എന്നു കാണാം. ദേവരാജൻ മാഷുടെ മെലഡിയും ദക്ഷിണാമൂർത്തി സ്വാമികളുടെ സെമി ക്ലാസ്സിക്കും ആരാധിച്ചിരുന്ന താൻ അത് രണ്ടും സന്നിവേശിപ്പിച്ച് വേറൊരു പാതയിലൂടെ പോയതാണെന്ന് എം.കെ.അർജ്ജുനൻ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. അർജ്ജുനൻ മാഷിനെപ്പറ്റി കൂടുതൽ അറിയുമ്പോൾ, നമുക്ക് നഷ്ടം എന്നു തോന്നിപ്പോകുന്ന ഒരു കാര്യമുണ്ട്. ആദ്ദേഹം കമ്പോസ് ചെയ്ത പല ഗാനങ്ങൾക്കും നാലും അഞ്ചും വരെ വ്യത്യസ്ത ഈണങ്ങൾ കൊടുത്തിരുന്നുവത്രേ! അതിൽ പലതിലും അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ട്യൂൺ ഒന്നുമായിരുന്നില്ല പിന്നീട് സ്വീകരിക്കപ്പെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. സിനിമാ സംവിധായകർക്ക് എന്ത് ഇഷ്ടപ്പെട്ടിരുന്നുവോ, അത് തെരഞ്ഞെടുക്കുവാൻ അദ്ദേഹം സമ്മതിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഏറ്റവും പോപ്പുലറായ ഒരു ഗാനം എടുക്കുക. 'കസ്തൂരി മണക്കുന്നല്ലോ..കാറ്റേ...' (ചിത്രം: പിക്നിക്, വരികൾ: ശ്രീകുമാരൻ തമ്പി, ഗായകൻ: യേശുദാസ്). ഈ ഗാനത്തിന് വേറെ നാലു ഈണങ്ങൾ കൂടി ചിട്ടപ്പെടുത്തിയിരുന്നു എന്നത് നമുക്ക് വിശ്വസിക്കാനാവുന്നില്ല. ആ ഈണങ്ങൾ ഏതൊക്കെയായിരുന്നു എന്നു് നമ്മൾ ഇനി ഒരിക്കലും അറിയാൻ പോകുന്നില്ല.  കാരണം അദ്ദേഹം തന്നെ അത് ഓർക്കുന്നുണ്ടാവില്ല. പ്രായമേറി വരുമ്പോൾ ചിലർക്കെല്ലാം ഉണ്ടാകുന്ന ഓർമ്മക്കുറവ് ഒരു വലിയ പ്രശ്നം തന്നെയാണ്. ദേവരാജൻ മാഷ് അവസാനകാലത്ത് അദ്ദേഹത്തിന്റെ തന്നെ പല പഴയ ഗാനങ്ങൾ ഓർത്തെടുക്കാൻ പ്രയാസപ്പെട്ടിരുന്നു എന്നത് കേട്ടിട്ടുണ്ട്.

എനിക്ക് തോന്നുന്നു.. അർജ്ജുനൻ മാഷിന് പ്രിയപ്പെട്ട ഒരു രീതി 'എത്ര സുന്ദരി..എത്ര പ്രിയങ്കരി..എന്റെ ഹ്രുദയേശ്വരി.. (ചിത്രം: തിരുവോണം) എന്ന മട്ടിലുള്ള ഗാനങ്ങളായിരുന്നിരിക്കണം. അദ്ദേഹവുമായുള്ള അഭിമുഖങ്ങളിൽ എപ്പോഴും അദ്ദേഹം മൂളാറുള്ളത് എത്ര സുന്ദരി പോലുള്ള പാട്ടുകളായിരുന്നു. മാഷിന് ഇഷ്ടപ്പെട്ട പത്തു ഗാനങ്ങൾ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിൽ മാഷിന്റെ ഒരു ഗാനം മാത്രമേ എടുത്തുള്ളൂ. അത് 'ദു:ഖമേ നിനക്ക് പുലർകാല വന്ദനം...' (ചിത്രം: പുഷ്പാഞ്ജലി) എന്ന തത്വചിന്താപരമായ ഗാനമായിരുന്നു.ഫിലോസഫിക്കൽ ഗാനങ്ങൾ ചിട്ടപ്പെടുത്തുമ്പോൾ അദ്ദേഹം അനുവർത്തിച്ചിരുന്ന ഒരു ശൈലി തന്നെയാണ് മേല്പറഞ്ഞ പാട്ടിലും ഉള്ളത്.  ഇതേ പാട്ടിന്റെ റൂട്ടിലുള്ള അദ്ദേഹത്തിന്റെ മറ്റു ചില പാട്ടുകൾ.. 'കന്യാദാനം കത്തുന്ന പ്രേമത്തിൻ..' (ചിതം: ചീനവല, രചന: വയലാർ), 'മോഹം മുഖപടമണിഞ്ഞു..' (ചിത്രം: ആരും അന്യരല്ല, രചന: സത്യൻ അന്തിക്കാട്) എന്നിങ്ങനെ പോകുന്നു. എടുത്തുപറയാൻ ഇനിയും ഏറെ ഗാനങ്ങളുണ്ട്.

എം.കെ.യുടെ ശൈലി - ആ പ്രത്യേക റൂട്ട് - അദ്ദേഹത്തിന്റെ ആദ്യ ഗാനം മുതൽക്ക് തന്നേ വളരെ വ്യക്തമാണ്. കറുത്ത പൗർണ്ണമി എന്ന ചിത്രത്തിലെ 'പൊൻകിനാവിൻ പുഷ്പരഥത്തിൽ..' (രചന: പി.ഭാസ്ക്കരൻ) എന്ന ഗാനത്തിന്റെ ശൈലി തന്നെയാണ് റസ്റ്റ് ഹൗസ് എന്ന ചിത്രത്തിലെ 'പൗർണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു..' എന്ന ഗാനത്തിനും അദ്ദേഹം തെരഞ്ഞെടുത്തത്. ആ ശൈലിയുടെ എല്ലാ ഭാവങ്ങളും മൂർത്തീകരിക്കപ്പെട്ട മറ്റൊരു ഗാനമാണ് എ.പി.ഗോപാലനുമായിച്ചേർന്ന് വന്ന നിത്യ വസന്തത്തിലെ 'സുഗന്ധഭസ്മക്കുറിയിട്ടു നിൽക്കും..' എന്നത്. ആ ഗാനം വേണ്ടത്ര പോപ്പുലർ ആയില്ലെങ്കിലും അദ്ദേഹത്തെ അടുത്തറിയാൻ ആ ഗാനം ഏറെ സഹായകരമാണ്.  ഇതേ ശൈലിയിൽ ചിട്ടപ്പെടുത്തിയ അദ്ദേഹത്തിന്റെ ചില ഗാനങ്ങൾ..

സന്ധ്യതൻ കവിൾ തുടുത്തു..(ചിത്രം: രാജാങ്കണം, രചന:അപ്പന്‍ തച്ചേത്ത്‌),  സിന്ദൂര കിരണമായ് നിന്നെ തഴുകി..(ചിത്രം: പത്മവ്യൂഹം, രചന: ശ്രീകുമാരൻ തമ്പി), ചന്ദ്രകിരണങ്ങൾ രാഗങ്ങളായി..(ചിത്രം:അമ്മ, രചന: ശ്രീകുമാരൻ തമ്പി) അങ്ങനെയങ്ങനെ....

(തുടരും...)

Sunday, June 10, 2012

പാട്ടുകളും സന്തോഷും.. പിന്നെ ഞാനും

പാട്ടുകളോടുള്ള താല്പര്യമാണ് എന്നെയും സന്തോഷിനെയും തമ്മിലടുപ്പിച്ചത്.
എൺപതുകളുടെ അവസാനത്തിൽ ഇളയരാജ ഗാനങ്ങൾ തേടിയുള്ള യാത്രകൾക്കിടയിലാണ് സ്നേഹിതൻ ജയപ്രകാശ് വഴി സന്തോഷിനെ പരിചയപ്പെടുന്നത്. എത്രയോ പാട്ടുവിശേഷങ്ങൾ കൈമാറി.. ചർച്ച ചെയ്തു..പഴയ പാട്ടുകൾ തേടിപ്പിടിച്ചു. ഇന്നും വർഷങ്ങൾക്കിപ്പുറവും.. ഓരോ വർഷത്തിലും കേരളത്തിൽ ചെലവഴിക്കുന്ന ഒരു മാസത്തെ അവധിക്കാലത്തിനിടയിൽ ഞങ്ങൾ കണ്ടുമുട്ടാറുണ്ട്. കുറേ സമയം പാട്ടുകളെപ്പറ്റി സംസാരിച്ചിരിക്കാറുണ്ട്. പ്രശസ്തരല്ലാത്ത ചില പാട്ടുകാരെ, സിനിമാപ്പാട്ടുകളിൽ വിജ്ഞാനകോശങ്ങളെന്നു വിശേഷിപ്പിക്കാവുന്ന അപൂർവ്വ വ്യക്തികളെ പരിചയപ്പെടുവാനും സന്തോഷ് സഹായിച്ചിട്ടുണ്ട്.

അങ്ങനെ ഇക്കഴിഞ്ഞ അവധിക്കാലത്ത് ഒരു സായാഹ്നത്തിൽ സന്തോഷ് പറഞ്ഞുതുടങ്ങിയ പാട്ടുകാര്യങ്ങൾ ഇവിടെ പങ്കുവെക്കുകയാണ്.

"ഒരു പ്രത്യേക ഗാനം നമ്മൾ താല്പര്യപൂർവ്വം ശ്രവിക്കുമ്പോൾ അത് നമ്മെ എങ്ങെനെ സ്വാധീനിക്കുന്നു, നമുക്ക് ആ ഗാനം പ്രിയപ്പെട്ടതാവാൻ കാരണങ്ങൾ എന്തൊക്കെയാവാം, ആ ഒരു ഗാനം നമ്മളിൽ ക്രിയേറ്റ് ചെയ്യുന്ന മൂഡ് - അവാച്യമായ ആനന്ദാനുഭൂതി നൽകുന്ന ഗാനങ്ങളുടെ ശില്പികളെ, (ഗാന രചയിതാക്കളും സംഗീത സംവിധായകരും) നമ്മൾ അറിയുന്നുണ്ടോ? അവർക്ക് അർഹമായ ഒരംഗീകാരം നമ്മൾ കൊടുക്കുന്നുണ്ടോ? ഇല്ല എന്നു തന്നെ വേണം പറയാൻ. ഞാൻ ശ്രമിക്കുന്നത് അവരെക്കുറിച്ച് കൂടുതൽ അറിയുവാനും അറിയുന്നതെല്ലാം മറ്റുള്ളവർക്ക് പകർന്നു നൽകുവാനുമാണ്.

നമ്മൾ ഏറ്റവും അംഗീകരിക്കുന്ന 'ഇളയരാജ' യുടെ ഗാനങ്ങൾ തന്നെ നമ്മൾ വിലയിരുത്തേണ്ടത്, അദ്ദേഹം അസ്സിസ്റ്റന്റായി ജോലിചെയ്തിരുന്ന സംഗീത സംവിധായകരുടെ ഗാനങ്ങളുടെ സ്വാധീനം അദ്ദേഹത്തിന്റെ പാട്ടുകളെ എങ്ങനെ സ്വാധീനിച്ചിട്ടുണ്ട് എന്നു മനസ്സിലാക്കിക്കൊണ്ടാവണം.1985 മുതൽ 1990 വരെയുള്ള കാലയളവിൽ ഞാൻ കേട്ട ഗാനങ്ങൾ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ഞാൻ ഇതു പറയുന്നത്.

ഒരു പക്ഷേ ഞാൻ ആദ്യമായി ശ്രദ്ധിച്ച ഒരു തമിഴ് ഗാനം 'ചിന്നഞ്ചെറു കിളിയേ' എന്ന ചിത്രത്തിലെ 'വൈഗൈ നീരാട.. ..' എന്ന മലേഷ്യാ വാസുദേവൻ - ജാനകി ഡ്യുയറ്റ് ആണ്. ആ ഗാനത്തിന്റെ തുടക്കത്തിലെ ഹമ്മിംഗും നാടൻ ശീലുകളുടെ സന്നിവേശവും അപാരമായ ആകർഷണമായിരുന്നു. അന്ന് ആ ഗാനം ഞാനിഷ്ടപ്പെട്ടത് അതിന്റെ സംഗീത സംവിധായകനെ കുറിച്ചൊന്നും അറിയാതെയായിരുന്നെങ്കിൽ പിന്നീട് ഞാൻ അതിനെ ആരാധിച്ചത് ഇളയരാജ കൂടുതലും അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിരുന്ന ജി.കെ.വെങ്കിടേഷിന്റെ ഗാനമായിരുന്നു അത് എന്നതിനാലാണ്. ഈ ഗാനം നിബന്ധമായും കേട്ടിരിക്കേണ്ടതാണ്. ആദ്യമായി രാജാസാറിനെ ഒരു പടത്തിലെ ഗാനങ്ങൾ കമ്പോസ് ചെയ്യാൻ പഞ്ചു അരുണാചലം ഏല്പിക്കുന്നതു തന്നെ ജി.കെ യുടെ അസിസ്റ്റന്റിന്റെ കഴിവിൽ 'വിശ്വാസം' വന്നതിനാലാണെന്ന് പഞ്ചു അരുണാചലം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ജി.കെ വെങ്കിടേഷിന്റെ ഗാനങ്ങൾ കേട്ടിട്ടാവണം ഇളയരാജയുടെ ഗാനങ്ങൾ അനലൈസ് ചെയ്യേണ്ടത് എന്നാണ് ഞാൻ പറയുക. പിന്നിട്ട വഴികളിലെ സ്വാധീനം ഇളയരാജയുടെ ഗാനങ്ങളിൽ വ്യക്തമാണ്. സഹായിയായി പ്രവർത്തിച്ച കാലയളവിലെ നല്ല കാര്യങ്ങൾ സ്വാംശീകരിച്ചുകൊണ്ടാണ് രാജാ സാർ തന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് എന്നു പറയുന്നതിൽ തെറ്റില്ല എന്നെനിക്ക് തോന്നുന്നു.

സംഗീതത്തോട് താല്പര്യമുള്ള നമ്മൾ മലയാള ഗാനങ്ങളെക്കുറിച്ച് ഒരു പാട് ഇനിയും മനസ്സിലാക്കണം. ഞാൻ ഏറ്റവുമധികം ആരാധിക്കുന്ന മലയാളം മ്യൂസിക് ഡയറക്റ്റർ ആരെന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ളൂ.. എം.കെ അർജ്ജുനൻ. രണ്ടാം സ്ഥാനം ആർക്ക് എന്നാണ് ചോദിക്കുന്നതെങ്കിൽ അത് എ.ടി. ഉമ്മറാണ്. ഞാൻ എന്തുകൊണ്ട് ഇവരെ ഇത്രയും ആരാധിക്കുന്നു എന്നത് ഇവരുടെ വർക്കുകളെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ മനസ്സിലാകും, ഉറപ്പ്.

(തുടരും..)

Monday, May 7, 2012

മരുഭൂമിയിലെ മലയാളം

യാത്രകൾക്കിടയിൽ മലയാളത്തിൽ ബോർഡുകളും മറ്റും കാണുമ്പോഴുള്ള സന്തോഷം..
ഇന്ന് രാവിലെ ഭാഗ്യവശാൽ കാണാനിടയായ ഒരു 'വാഹനം'.




നാലു വർഷങ്ങൾക്ക് മുൻപ് റാസൽഖൈമയിൽ കണ്ട കാഴ്ച ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.

Tuesday, September 27, 2011

കെ.കെ.മേനോന്‍ ബസ്സ് സര്‍വീസ്സ്


എന്നും ഗാംഭീര്യത്തോടെ...കെ.കെ.മേനോന്‍
ഒരു പക്ഷേ തൃശ്ശൂര്‍ -തൃപ്രയാര്‍ റൂട്ടില്‍ ചേര്‍പ്പ് അല്ലെങ്കില്‍ അന്തിക്കാട് വഴിക്കായിരിക്കും കൂടുതല്‍ കെ.കെമേനോന്‍ ഓടിയിരുന്നത്, ആദ്യകാലത്ത്. വെറും ബസ്സുകള്‍ക്കപ്പുറം ഒരു 'പ്രസ്ഥാന' മായിരുന്നു അന്നാട്ടുകാര്‍ക്ക് കെ.കെ.മേനോന്‍. പെരിങ്ങോട്ടുകരയിലെ പ്രശസ്തമായ കെ.കെ.മേനോന്‍ ഷെഡ് ഓര്‍ക്കുക. ചെമ്മാപ്പിള്ളി എന്നൊരു സ്ഥലപ്പേരു കേള്‍ക്കുമ്പോള്‍ ഇന്നും കെ.കെ.മേനോന്റെ ബോര്‍ഡാണൊര്‍മ്മ വരിക! പിന്നീട് കൊടുങ്ങല്ലൂര്‍ക്കും പാലക്കാട്ടേക്കും ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളായി. നാട്ടികയിലുമുണ്ടായിരുന്നു ഒരു കെ.കെ.മേനോന്‍ ഷെഡ്. ഇപ്പൊ എവിടെയാണോ ആവോ? ഇന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് കൃത്യമായി നല്‍കുന്ന തൃശ്ശൂര്‍ ജില്ലയിലെ അപൂര്‍വ്വം ബസ്സ് സര്‍വീസുകളിലൊന്നാണ്‌ കെ.കെ.മേനോന്‍. 'കിളി'യുടെ 'സേവനം' മിക്കവാറും ഈ ബസ്സുകളില്‍ കാണാറില്ല. എനിക്ക് അനുഭവപ്പെട്ടിട്ടുള്ള മറ്റൊരു പ്രത്യേകത, എല്ലാ ബസ്സുകളും നല്ലവണ്ണം 'മെയ്ന്റൈന്‍' ചെയ്തിട്ടുള്ളവയായിരിക്കും എന്നതാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ നല്ല വൃത്തിയും വെടിപ്പുമുള്ള ബസ്സുകളായിരിക്കും. മാത്രമല്ല, അമിത വേഗത്താലുള്ള അപകടങ്ങള്‍ക്ക് ദുഷ്പേരുകേട്ട തൃശ്ശൂരിലെ ബസ്സുകളുടെ കൂട്ടത്തില്‍ കെ.കെമേനോന്‍ ഉണ്ടാവാനിടയില്ല.


ഓര്‍മ്മകള്‍ പങ്കുവെക്കുക....

ചിത്രത്തിന് കടപ്പാട്: ബിനായ് കെ.ശങ്കര്‍, കൊടുങ്ങല്ലൂര്‍ (Binai K Shankar)

Wednesday, May 11, 2011

പൂരങ്ങളുടെ പൂരം



ഇന്ന് തൃശ്ശൂര്‍ പൂരം. പൂരാവേശം ഹൃദയത്തില്‍ നിറച്ച് നാടിന്റെ നാനാഭാഗത്തുനിന്നും ജനം നഗരത്തിലേക്കൊഴുകിയെത്തും.പിന്നെ മേളത്തിന്റെയും കുടമാറ്റത്തിന്റെയും വെടിക്കെട്ടിന്റെയും ആവേശത്തില്‍ മുഴുകും തൃശ്ശൂര്‍. നഗരവും പരിസര പ്രദേശങ്ങലും ആഘോഷത്തിരക്കിലാവും. വേനല്‍ ചൂടിനെ വക വെക്കാതെ കിലോമീറ്ററുകള്‍ നടന്ന് ( ഭാഗത്തേക്കൊന്നും വാഹനങ്ങള്‍ അടുപ്പിക്കാറില്ല) സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൂരപ്രേമികള്‍ വന്നുകൊണ്ടേയിരിക്കും. സിനിമാശാലകള്‍ക്കൊപ്പം മദ്യശാലകള്‍ക്കു മുന്നിലും പുരുഷാരം തടിച്ചു കൂടും. വെയിലു കൊള്ളാനും പൊടി ശ്വസിക്കാനും തിക്കിലും തിരക്കിലും പെടാതിരിക്കാനും ആഗ്രഹിക്കുന്നവര്‍ ചാനലുകള്‍ മാറ്റി മാറ്റി വീട്ടിലിരുന്നു പൂരം കാണും. ആധുനിക സൗകര്യങ്ങളുള്ള ഇക്കാലത്ത് ലോകം മുഴുവനും തല്‍സമയം പൂരം കാണും..ഒപ്പം ഞാനും..
കഴിഞ്ഞ പത്തൊന്‍പത് വര്‍ഷങ്ങളായി തൃശ്ശൂര്‍ പൂരം നേരിലാസ്വദിക്കാനായിട്ടില്ല. പൂരം പ്രദര്‍ശനം കാണാന്‍ കഴിഞ്ഞിട്ടില്ല.പ്രദര്‍ശന നഗരിയിലെ പച്ചക്കറി മുറിക്കാനുള്ള തരികിട 'യന്ത്രങ്ങള്‍' വില്‍ക്കുന്ന സ്റ്റാളുകളെത്തുമ്പോഴുള്ള സുഗന്ധം ആസ്വദിക്കാന്‍ പറ്റിയിട്ടില്ല. കൂട്ടുകരോടൊപ്പം തോളുരുമ്മി, പൂരത്തൊപ്പിയും ചൂടി കാഴ്ചകള്‍ കണ്ട്, ഉയര്‍ന്നു പൊങ്ങുന്ന പൊടി വിഴുങ്ങി, ഇടക്കിടെ സൗജന്യ മോരും വെള്ളവും അതു കിട്ടാത്തപ്പോള്‍ സോഡ സര്‍ബ്ബത്തും മോന്തി, കുടമാറ്റവും കണ്ട്, നഗരമൂലകളിലും കുണ്ടനിടവഴികളിലും കുടിച്ച് പൂസായി വാളും വച്ചു കിടക്കുന്ന 'അങ്കിള്‍മാരെയും' കണ്ട്, രാത്രിവൈകി ഉറക്കം തൂങ്ങി.. തൂങ്ങി, വെടിക്കെട്ടിന്റെ നേരത്ത് ചാടിയെണീറ്റ്, കാതടപ്പിക്കുന്ന ശബ്ദത്തില്‍ നഗരം വിറകൊള്ളുമ്പോള്‍ ഉള്ളില്‍ കിടുങ്ങലുമായി, അമിട്ടിന്റെ അസാമാന്യ വെളിച്ചത്തില്‍ കണ്ണു ചിമ്മി, കലാശത്തില്‍ വല്ലാത്തൊരു ഭീതിയോടെയും തീരുന്നതോടെ അതിലേറെ ആവേശത്തോടെയും ജനസമുദ്രത്തിന്റെ ആര്‍പ്പുവിളികള്‍ക്കൊപ്പം ചേര്‍ന്ന്, ഉടനെ പുറപ്പെടുന്ന ബസ്സില്‍ സീറ്റു പിടിക്കാനായി വടക്കേ സ്റ്റാന്റിലേക്കോടി, ബസ്സിലിരുന്നുറങ്ങി, കണ്ടക്ടറുടെയൊ കിളിയുടെയോ സഹായത്തില്‍ സ്റ്റോപ്പ് തെറ്റാതെയിറങ്ങി 'ഞാനും കണ്ടു പൂരം' എന്ന ഭാവത്തില്‍ നടന്നിരുന്ന നല്ല കാലത്തിന്റെ ഓര്‍മ്മകള്‍ ഉള്ളില്‍ നിറച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം.. ഇന്നും തൃശ്ശൂര്‍ പൂരത്തിന്റെ ലഹരിയില്‍ ഞാനും.
പൂരത്തിന്‌ പോകുന്നവര്‍ക്കും പൊകാന്‍ പറ്റാത്തവര്‍ക്കും പൂരം ആശംസകള്‍.

Saturday, May 7, 2011

പുതിയ(പഴയ) റാന്തല്‍




ബര്‍ ദുബൈയിലെ "പൈതൃക/പാരമ്പര്യ മേഖല"യില്‍ (Heritage Area) യില്‍ കണ്ടത്.അപൂര്‍വ്വ കാഴ്ചയൊന്നുമല്ലെങ്കിലും ഒരു കൗതുകം !

Monday, April 25, 2011

പാട്ടുസാദൃശ്യം | ഉറുമി

ഉറുമി എന്ന സിനിമയിലെ "ആരോ നീ ആരോ" എന്ന മനോഹരമായ പാട്ടിനു്‌ 2006-ല്‍ പുറത്തിറങ്ങിയ ഒരു പാട്ടുമായി ചില സാദൃശ്യങ്ങള്‍ തോന്നിപ്പോകുന്നു. എന്തായാലും കണ്ടു/കേട്ടു നോക്കാം..

ആദ്യം ഉറുമിയിലെ പാട്ട്:


ഇനി ആല്‍ബത്തിലെ പാട്ട്:(മുഴുവന്‍ കേള്‍ക്കാന്‍ ശ്രമിച്ചാലും)


ഒരു പക്ഷേ, തോന്നലായിരിക്കാം...

Sunday, September 20, 2009

ഒരു ഗുണ്ടാ അനുഭവം !

ഇന്നലെ ചെറിയ പെരുന്നാള്‍ ദിനം. പുത്തനുടുപ്പുകളണിഞ്ഞ മകന്‍ ഏറെ പ്രതീക്ഷയോടെ എന്നോട് ചേദിച്ചു.. "പപ്പാ..ഇപ്പോ എന്നെക്കണ്ടാല്‍ ഒരു ഗുണ്ടയെപ്പോലെയുണ്ടോ?" ചോദ്യം കേട്ടു ഞാന്‍ കുറേയേറെ ചിരിച്ചുവെങ്കിലും എന്റെ മറുപടിക്കായി കാത്തുനില്‍ക്കുന്ന കക്ഷിയോട് എന്തു പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി.

എന്നെ കണ്ടാല്‍ മോഹന്‍ലാലിനെപ്പോലെയുണ്ടോ..മമ്മൂട്ടിയേപ്പോലെയുണ്ടോ എന്നോക്കെ ചോദിച്ചു ശീലിച്ചിട്ടുള്ള നാലര വയസ്സുകാരന്‍ ഇപ്പോഴത്തെ സൂപ്പര്‍സ്റ്റാര്‍ 'ഗുണ്ട' യാണെന്നു തിരിച്ചറിഞ്ഞിരിക്കുന്നു!


ഇനി ഗുണ്ടകള്‍ക്ക് ഫാന്‍സ് അസോസിയേഷനുകള്‍ വരെയാകുന്ന കാലം വരില്ലെന്നാരു കണ്ടു ?!!

Monday, April 13, 2009

വിഷുക്കണി

വിഷുവല്ലേ...ഇതാ വിഷുക്കണി.


പരിഭവിക്കരുതേ..



എല്ലാര്‍ക്കും വിഷു ആശംസകള്‍ !


Sunday, March 22, 2009

വിശപ്പിന്റെ ദുരിതം

കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപനം കാത്ത് അക്ഷമരായി കേരളത്തിലെ പത്ര - ദൃശ്യ മാധ്യമങ്ങളും ഒപ്പം രാഷ്ട്രീയക്കാരും കുറേ പൊതു ജനങ്ങളും ഡല്‍ഹിയിലേക്ക് കണ്ണും നട്ട് കാത്തിരുന്ന ദിവസം അധികമാരുടെയും ശ്രദ്ധയില്‍ പെടാതെ പോയൊരു സംഭവമാണിത്.

വിശപ്പടക്കാന്‍ വഴി കാണാതെ ഞാവല്‍ പഴത്തിനായി മരത്തില്‍ പിടിച്ചു കയറിയ ആ ബാലന്‍, ഭക്ഷണം വാങ്ങിത്തരാമെന്ന് കേട്ടപ്പോള്‍ ആ തിടുക്കത്തില്‍ താഴേക്കിറങ്ങിയപ്പോഴാവണം പിടിവിട്ടു താഴേക്ക് വീണത്.

വിശപ്പടക്കാന്‍ നിവൃത്തിയില്ലാത്ത ജൂഡിനേപ്പോലെ.. ജൂഡിന്റെ അമ്മയെപ്പോലെ തെരുവുകള്‍ അലയുന്നവരെ സംരക്ഷിക്കുമെന്ന വാഗ്ദാനമെങ്കിലും ഒരു പ്രകടന പത്രികയിലും കണ്ടെന്നു വരില്ല.

ഒരു നിമിഷമെങ്കിലും ഈ ദുരവസ്ഥയെപ്പറ്റി ചിന്തിക്കുവാന്‍ നമുക്കാവട്ടേ..

വാര്‍ത്തക്ക് കടപ്പാട്: ദീപിക

Monday, February 23, 2009

ഇന്ന് ഉത്രാളിക്കാവ് പൂരം


കുമരനെല്ലൂര്‍ മുതല്‍ ഓട്ടുപാറ വഴി അമ്പലം വരെ നടന്നും പിന്നെ പൊത്തിപ്പിടിച്ച് കുന്നിന്‍ മുകളില്‍ കയറി നല്ലൊരു ഇരിപ്പിടം തരപ്പെടുത്തിയും നാലു മണിക്കുള്ള വെടിക്കെട്ട് ആസ്വദിച്ചിരുന്ന ഓര്‍മ്മകള്‍‍ അയവിറക്കി..ഇത്തവണത്തെ പൂരവും ഗംഭീരമായിരിക്കട്ടെ എന്നാശംസകള്‍ നേരുന്നു.

Saturday, January 31, 2009

നാഗേഷിന്‌ ആദരാഞ്ജലികള്‍


അഭിനയത്തികവിന്‌ ആദരാഞ്ജലികള്‍. പ്രശസ്ത നടന്‍ നാഗേഷിന്‌ മുഖവുര ആവശ്യമില്ല. കൂടുതലായും ഹാസ്യ കഥാപാത്രങ്ങളാണ്‌ അവതരിപ്പിച്ചിട്ടുള്ളതെങ്കിലും, വില്ലനായും സ്വഭാവനടനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. അവസാനമായി ദശാവതാരത്തിലാണദ്ദേഹത്തെ കണ്ടത്. കമലഹാസന്‌ നാഗേഷിനോട് പ്രത്യേക താല്പര്യമുള്ളതായി തോന്നിയിട്ടുണ്ട്. കമലിന്റെ ചിത്രങ്ങളില്‍ നാഗേഷ് സ്ഥിരമായി കാണപ്പെട്ടിരുന്നു, പ്രാധാന്യമുള്ള വേഷങ്ങളില്‍ തന്നെ. എപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്നത് കമലഹാസന്റെ അപൂര്‍വ്വസഹോദരങ്ങളിലെ നാഗേഷിന്റെ വില്ലന്‍ വേഷം തന്നെ. കമലിന്റെ തന്നെ നമ്മവര്‍ എന്ന ചിത്രത്തിലെയും നാഗേഷിന്റെ കഥാപാത്രം ഓര്‍മ്മകളില്‍ നിറയുന്നു. പഞ്ചതന്ത്രത്തില്‍ ഒരു തലവേദനയായി മരുമകന്‍ കമലഹാസനെ പിന്തുടരുന്ന അമ്മായി അച്ഛനായും നാഗേഷ് കസറി. ആയിരത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചിരിക്കുന്നു അദ്ദേഹം. പ്രേക്ഷക ലക്ഷങ്ങളെ ചിരിപ്പിക്കുകയും ചിലപ്പോഴൊക്കെ കരയിക്കുകയും ചെയ്ത ആ മുഖം ഇനി ഓര്‍മ്മകളില്‍ മാത്രം...കഥാപാത്രങ്ങളിലൂടെ നാഗേഷ്‌ നമുക്കിടയില്‍ നിറഞ്ഞു നില്‍ക്കും ! ശരിയാണ്‌..ഒരു കലാകാരന്‌ മരണമില്ല !

Tuesday, December 30, 2008

തമിഴ് ഗാനങ്ങള്‍ | 2008

വിശ്വനാഥന്‍ രാമമൂര്‍ത്തിയോ, എം.എസ്.വിശ്വനാഥനോ, ഇളയരാജയോ, ദേവയോ, എ.ആര്‍.റഹ്മാനോ, യുവന്‍ ശങ്കര്‍ രാജയോ..ആരുമായിക്കോട്ടെ..തമിഴ് സിനിമാഗാനങ്ങള്‍ എന്നും തെന്നിന്ത്യയില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ വര്‍ഷവും മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങള്‍ തമിഴില്‍ നിന്നു തന്നെ. പുതിയ ഈണങ്ങളും, ശബ്ദങ്ങളും, ഉയര്‍ന്ന റൊക്കോര്‍ഡിങ്ങ് നിലവാരവും, സ്വാഗതമര്‍ഹിക്കുന്ന പുതിയ പരീക്ഷണങ്ങളും ആകെക്കൂടി തമിഴ് ഗാനരംഗം ശരിക്കും അരങ്ങ് തകര്‍ക്കുന്നു.

ധാരാളം പുതിയ സംഗീത സം വിധായകര്‍ അരങ്ങേറ്റം കുറിച്ച ഈ വര്‍ഷം, ഏറ്റവും ശ്രദ്ധേയരായവര്‍ ഇവരാണ്‌-ജെയിംസ് വിശ്വനാഥ്, എസ്.എസ്.കുമരന്‍, ശെല്‍വഗണേഷ്. ഇതില്‍ ജെയിംസ് വിശ്വനാഥ് തന്റെ കന്നി ചിത്രത്തിലെ ഒരൊറ്റ ഗാനത്തിലൂടെ ഏറെ പ്രശസ്തനായി. സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലെ ' കണ്‍കള്‍ ഇരണ്ടാല്‍..' എന്നു തുടങ്ങുന്ന ഗാനം ഗാനത്തിന്റെ വശ്യത കൊണ്ടും ചിത്രീകരണത്തിലെ പുതുമ കൊണ്ടും വന്‍ ഹിറ്റായി. മൊത്തം ചിത്രത്തിന്റെ വിജയത്തിന്‌ ആ ഒരൊറ്റ ഗാനം ഏറെ സഹായിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. പൂ എന്ന ചിത്രത്തിലെ ഗാനങ്ങളാണ്‌ എസ്.എസ്.കുമരന്‍ എന്ന നവാഗതനെ ശ്രദ്ധേയനാക്കിയത്. വെണ്ണിലാ കബഡി കുഴു്‌ എന്ന ചിത്രത്തിലാണ്‌ സെല്‍ വഗണേഷ്‌ കന്നി ഗാനങ്ങള്‍ അവതരിപ്പിച്ചത്. ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടാലും ഇല്ലെങ്കിലും ഗാനങ്ങള്‍ എല്ലാം വളരെ നന്നായിരുന്നു.

ജി.വി.പ്രകാശ് കുമാറിന്റെ കരിയറിലെ പ്രധാന വര്‍ഷം ഇതായിരിക്കുമെന്നു തോന്നുന്നു. രജനി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കുവാന്‍ ലഭിക്കുന്ന അവസരം അത്രക്കും വിലപ്പെട്ടതാണ്‌ തമിഴ്നാട്ടില്‍. പാണ്ഡ്യന്‍ വരെ ബഹു ഭൂരിപക്ഷം രജനി ചിത്രങ്ങള്‍ക്കും ഇളയരാജയായിരുന്നു സംഗീത സംവിധായകന്‍. പിന്നീട് ദേവ, എ.ആര്‍. റഹ്മാന്‍, വിദ്യാസാഗര്‍ എന്നിവര്‍ക്കു ശേഷം ഏതാണ്ട് നവാഗതന്‍ എന്നു വിശേഷിപ്പിക്കാവുന്ന ജി.വി.പ്രകാശിനു നറുക്ക് വീണു. കുസേലനിലെ പാട്ടുകള്‍, ജി.വി.പ്രകാശ് നന്നായി ചെയ്തു. കുസേലനിലെ ' സൊല്ലമ്മാ..ചിന്നമ്മാ..' എന്ന ഗാനം അതീവ ഹൃദ്യമാണ്‌. 2008 ല്‍ തുടര്‍ന്നു വന്ന നാന്‍ അവള്‍ അത്, സേവല്‍, ആനന്ദ താണ്ഡവം എന്നിവയിലെല്ലാം പാട്ടുകള്‍ കേമമാക്കി പ്രകാശ്.

മുന്‍ വര്‍ഷത്തെ ശ്രദ്ധിക്കപ്പെട്ട സംഗീതകാരന്‍ വിജയ് ആന്റണിയുടെ കാതലില്‍ വിഴുന്തേന്‍, രസിക്കും സീമാനേ, പന്തയം, അ ആ ഇ ഈ, TN07 AL4777 എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ കൊള്ളാമായിരുന്നു.

മറ്റൊരു പ്രഗല്‍ഭന്‍ ഭരദ്വാജിന്റെ വല്ലമൈ താരായോ എന്ന ഒരൊറ്റ ചിത്രത്തിലെ ഗാനങ്ങള്‍ മാത്രമേ എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. അത് അദ്ദേഹം മോശമാക്കിയില്ല, തന്റെ സല്പേര്‌ നിലനിര്‍ത്തി. ഇന്നും എന്റെ മനസ്സില്‍ പള്ളിക്കൂടത്തിലെ ഗാനങ്ങള്‍ തന്നെ !

ഹാരിസ് ജയരാജില്‍ നിന്നും പ്രതീക്ഷിച്ചതു പോലെയുള്ള ഗാനങ്ങളല്ല ലഭിച്ചത് എന്നാണെനിക്ക് തോന്നുന്നത്. ധാം ധൂം, സത്യം, വാരണം ആയിരം, വെട്രി തിരുമകന്‍ എന്നീ പടങ്ങളിലെ പാട്ടുകളില്‍ വാരണം ആയിരമാണ്‌ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷങ്ങളിലായി ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് സംഗീത സം വിധാനം നിര്‍വ്വഹിച്ച യുവന്‍ ശങ്കര്‍ രാജയുടെ വാഴ്ത്തുഗള്‍, യാരെടീ നീ മോഹിനി, കെട്ടവന്‍, സരോജ, ഏകന്‍, സിലംബാട്ടം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ മെച്ചപ്പെട്ടവയായിരുന്നു. യുവനു ലഭിച്ച പ്രൊജക്ടുകള്‍ എല്ലാം വമ്പന്മാരുടെയായിരുന്നു.
എ.ആര്‍.റഹ്മാന്റെ ചക്കരക്കട്ടി 2008 ല്‍ എത്തി. അതില്‍ മറുതാണീ..എന്നു തുടങ്ങുന്ന ഗാനം ബെസ്റ്റ്.

ധനം, ഉളിയിന്‍ ഓസൈ എന്നീ രണ്ടു ചിത്രങ്ങളാണ്‌ ഇളയരാജയുടെതായി തമിഴില്‍ വന്നത്. രണ്ടും പ്രത്യേക പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത അത്ര കൊമേഴ്സ്യലല്ലാത്ത ചിത്രങ്ങളായിരുന്നു. ഉളിയിന്‍ ഓസൈയിലെ ഗാനങ്ങള്‍ കൂടുതലും തമിഴ് ക്ലാസിക്ക് രീതിയിലുള്ളതായിരുന്നുവെങ്കില്‍, ധനത്തില്‍ നാടന്‍ ഈണങ്ങളാണ്‌ ഇളയരാജ ഉപയോഗിച്ചത്. ധനത്തിലെ 'കട്ടിലുക്ക് മട്ടും താന..' എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ഇളയരാജ വീണ്ടും തമിഴ് നാടോടി ഗാന ശീലുകളെ ഓര്‍മ്മിപ്പിക്കുന്നു, രാജ തന്നെയാണാഗാനം പാടിയതും.

2008 ലെ ഗാനങ്ങളെപ്പറ്റി പറയുമ്പോള്‍ കമലഹാസന്റെ ദശാവതാരം ഒഴിവാക്കാനാവില്ല. കമ്പോസിങ്ങ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീര്‍ന്നതായിരുന്നുവെങ്കിലും ഗാനങ്ങളും ചിത്രവും ഈ വര്‍ഷമായിരുന്നു പുറത്തിറങ്ങിയത്. ഹരിഹരന്‍ പാടിയ 'കല്ലൈ മറ്റ്രും കണ്ടാല്‍..' എന്നു തുടങ്ങുന്ന ഗാനത്തിനു സംഗീത സംവിധായകന്‍ ഹിമേഷ് ഉപയോഗിച്ചത് കടമെടുത്ത ട്യൂണായിരുന്നെങ്കിലും സിനിമയില്‍ ആ ഗാനത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. 'മുകുന്ദാ മുകുന്ദാ..' എന്ന ഗാനമാണ്‌ കൂടുതല്‍ ജനപ്രീതി നേടിയത്.

തമിഴ് ചലച്ചിത്ര ഗാനരംഗത്ത് 2008 ല്‍ മികച്ച ഗാനങ്ങള്‍ നല്‍കിയ സംഗീത സംവിധായകന്‍: വിദ്യാസാഗര്‍. അതെ, തൊട്ടതെല്ലാം പൊന്നാക്കുന്ന മികവാണ്‌ വിദ്യാസാഗര്‍ ആവര്‍ത്തിച്ചിരിക്കുന്നത്. വിദ്യാസാഗര്‍ ഈ വര്‍ഷം സംഗീത സംവിധാനം നിര്‍വ്വഹിച്ച തമിഴ് ചിത്രങ്ങള്‍ ഇവയാണ്‌. അറൈ എന്‍ 305ല്‍ കടവുള്‍, കുരുവി, ജയം കൊണ്ടാന്‍, ആലിബാബ, മുനിയാണ്ടി വിളങ്ങിയാല്‍..., രാമന്‍ തേടിയ സീതൈ, അഭിയും നാനും, മഹേഷ് ശരണ്യ മട്രും പലര്‍, കാതല്‍ നാ സുമ്മാ ഇല്ലൈ(രണ്ട് ഗാനങ്ങള്‍). മികച്ച ഓര്‍ക്കസ്ട്രേഷനും മനം മയക്കുന്ന ഈണങ്ങളുമായി വിദ്യാസാഗര്‍ ഈ വര്‍ഷവും സംഗീത പ്രേമികളെ ആഹ്ലാദിപ്പിക്കുന്നു. രാമന്‍ തേടിയ സിതയിലെ ' മഴൈ നിണ്ട്ര പിമ്പും..' എന്ന ഗാനം തന്നെ നല്ലൊരുദാഹരണം. ഏറെ പ്രതീക്ഷയോടെയാണ്‌ വിദ്യാസാഗറിന്റെ ഓരോ പ്രൊജക്ടും കാത്തിരിക്കുന്നത്. ഒരിക്കലും അദ്ദേഹം നിരാശപ്പെടുത്താറില്ല. അതിവേഗ ഗാനങ്ങളായിരുന്നു വിജയ് ചിത്രമായ കുരുവിയില്‍, എല്ലം കാതിനിമ്പം തരുന്നവ !(കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചിലപ്പോഴൊക്കെ വിദ്യാസാഗര്‍ ഈണങ്ങള്‍ മറ്റുള്ളവരുടെ ഈണങ്ങള്‍ സൗകര്യപ്രദമായി തന്റെ ഗാനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി കാണുന്നു. ഏറ്റവും പുതിയ ഉദാഹരണം രാമന്‍ തേടിയ സീതയിലെ 'ഇപ്പവേ..ഇപ്പവേ...' എന്ന ഗാനത്തിന്റെ ആരംഭം തന്നെ. അതിമനോഹരമായൊരു ഗാനമാണിത്, പക്ഷേ..)

പുതിയ വിജയ് ചിത്രമായ 'വില്ല്' റിലീസിനു മുമ്പേ ഗാനങ്ങളാല്‍ ശ്രദ്ധേയമാവുന്നു. ഇത്തവണ ദേവി ശ്രീ പ്രസാദാണ്‌ സംഗീത സംവിധായകന്‍. 'ഡാഡി.. മമ്മി..' എന്നു തുടങ്ങുന്ന ഗാനം ഉടനേ ഹിറ്റാകാവുന്ന ഗാനമാണെന്ന് തീര്‍ച്ച. വില്ലിന്‌ ശേഷം കാര്‍ത്തികൈ, കുളിര്‍ നൂറ് ഡിഗ്രീ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ്‌ ഡിസംബര്‍ അവസാനവാരത്തില്‍ റിലീസായിരിക്കുന്നത്. ശരാശരി ഗാനങ്ങളാണ്‌ ഈ ആല്‍ബങ്ങളിലേത്.

സിനിമാ ഗാനങ്ങളല്ലാതെ വന്ന സംഗീത ആല്‍ബങ്ങളില്‍ 'സ്മിത' കുറച്ച് ഭേദപ്പെട്ട ഗാനങ്ങളായി തോന്നി. തമിളാ, മീണ്ടും മീണ്ടും എന്നിവ തൊട്ടു പിന്നാലെ.

ഗായകരില്‍ എസ്.പി.ബാലസുബ്രഹ്മണ്യം വീണ്ടും സജീവമായതു പോലെ..അദ്ദേഹത്തിന്റെ കുറച്ചു ഗാനങ്ങള്‍ പല ചിത്രങ്ങളിലായി വന്നു. സാധനാ സര്‍ഗം മികച്ച ഗാനങ്ങള്‍ നല്‍കി. നമ്മുടെ മധു ബാലകൃഷ്ണന്‍ തമിഴിലെ സജീവ സന്നിധ്യമായി ഈ വര്‍ഷവും തിളങ്ങി.ബാക്കിയെല്ലാരും പതിവുപോലെ.

ഓഡിയോ രംഗത്ത് ഒരു അതികായന്റെ രംഗപ്രവേശം 2008 ല്‍ സംഭവിച്ചു, സിനിമാ നിര്‍മ്മാണ-വിതരണ രംഗത്ത് സജീവമായ സണ്‍ നെറ്റ്വര്‍ക്ക് ഓഡിയോ വിതരണവും തുടങ്ങി. ദീനയുടെ 'ഡിന്‍ഡുക്കല്‍ സാരഥി' സണ്‍ ഓഡിയോ ആണ്‌ പുറത്തിറക്കിയിരിക്കുന്നത്.

അങ്ങനെയങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര വിശേഷങ്ങളാണ് തമിഴ് സംഗീത രംഗത്ത് !! പാട്ടുകള്‍ കേട്ടുകൊണ്ടിരിക്കാന്‍ ഇഷ്ടപ്പെടുന്ന, എന്റെ മനസ്സിലൂടെ കടന്നുപോകുന്ന ചില പാട്ടു ചിന്തകള്‍..അത്രമാത്രം..

Tuesday, December 23, 2008

പാട്ടുപരിചയം | ലോലിപോപ്പ്

ഖല്‍ബിലെ വെണ്ണിലാവു്‌ തന്ന നല്ല പാട്ടുകാരന്‍, സംഗീത പരിപാടിയില്‍ വിധികര്‍ത്താവായി ഏറെ പ്രേക്ഷക പ്രീതി നേടിയിക്കുകയാണിപ്പോള്‍. സൂര്യ ടിവിയുടെ സംഗീത പരിപാടിയായിരുന്ന വോയ്സ് ഓഫ് കേരളയില്‍ സ്ഥിരം വിധികര്‍ത്താവായിരുന്നു, അലക്സ് പോള്‍. സ്വതസിദ്ധമായ നിഷ്കളങ്കതയോടെ, ഏറെ സ്നേഹത്തോടെ കുരുന്നുകളോട് ഇടപഴകിയിരുന്ന അലക്സ് പോള്‍ ഇപ്പോഴിതാ ലോലിപോപ്പ് എന്ന പുതിയ മലയാള ചിത്രത്തിലെ ഗാനങ്ങളുമായി വന്നിരിക്കുന്നു. മലയാള ഗാനങ്ങളുടെ അവസ്ഥ അത്ര ശോഭനമല്ലാത്ത കാലമാണിത്. വെറുതെ ഒരു ഭാര്യക്ക് ശേഷം ഹിറ്റാവാന്‍ സാധ്യതയുള്ള ഗാനങ്ങള്‍ ലോലിപോപ്പിലേതാണെന്ന് തോന്നുന്നു.

ക്ലാസ്സ്മേറ്റ്സിലും ചോക്ലേറ്റിലും നല്ല പാട്ടുകള്‍ നല്‍കി നമ്മെ രസിപ്പിച്ച അലക്സ് പോള്‍, വീണ്ടും ഷാഫിയുടെ ചിത്രത്തില്‍. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ചതിക്കാത്ത ചന്തുവിലാണ്‌ അലക്സ് പോളിന്റെ പാട്ട് ആദ്യമായി കേട്ടതു്‌. പിന്നീട് ബ്ലാക്ക്. ഈ വര്‍ഷം തന്നെ അഞ്ചു ചിത്രങ്ങളിലെ‍ അലക്സ് പോള്‍ ഗാനങ്ങള്‍ പുറത്ത് വന്നു. പരുന്ത്, സുഹൃത്ത്, തലപ്പാവ്, കോളേജ് കുമാരന്‍, പോസെറ്റീവ് എന്നിങ്ങനെ.. പാട്ടുകള്‍ നന്നായിരുന്നെങ്കിലും അത്ര കണ്ട് സ്വീകരിക്കപ്പെട്ടില്ല.

യുവതാരനിരയുമായി വീണ്ടും ഷാഫി രംഗത്തെത്തുമ്പോള്‍, അതിനനുയോജ്യമായ ഗാനങ്ങള്‍ തന്നെയാണ്‌ അലക്സ് പോള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എണ്ണത്തില്‍ പത്ത് പാട്ടു വരും, അതിലൊന്ന് കരോക്കെ ട്രാക്ക്. പിന്നൊരു പാട്ട് പുരുഷ-സ്ത്രീ ശബ്ദത്തില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്‌. കാര്യമായ പുതുമകളോന്നും ഗാനങ്ങള്‍ക്ക് അവകാശപ്പെടാനില്ലെങ്കിലും തമ്മില്‍ ഭേദം എന്ന നിലക്ക് പാട്ടുകള്‍ ഹിറ്റാവാനുള്ള സാധ്യത കാണുന്നു. വിനീത് ശ്രീനിവാസന്റെ സ്വരത്തിലുള്ള "രാജകുമാരീ..രാജകുമാരീ.." എന്ന ഗാനമാണെനിക്കേറ്റവും ഇഷ്ടപ്പെട്ടത്. വീണ്ടും കേള്‍ക്കാന്‍ കൊതിതോന്നിപ്പിക്കുന്നൊരു സംഗീത ശകലം ആ പാട്ടിലുണ്ട്.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടേതാണ്‌ വരികള്‍.

സാമാന്യം തരക്കേടില്ലാത്തൊരു ആല്‍ബം എന്നു പറയാം-മൊത്തത്തില്‍

Tuesday, September 9, 2008

ഓണാശംസകള്‍ !

മനസ്സില്‍ മധുരസ്മരണകളുമായി ഒരോണക്കാലം കൂടി.
ഹൃദയപൂര്‍വ്വം നേരുന്നൂ..






Monday, September 1, 2008

ഓണം വരവായി...യഥേഷ്ടം പൂക്കളിതാ..

അത്തം ഇങ്ങെത്തി.
ഇനി ആര്‍ക്കെങ്കിലും പൂക്കളമൊരുക്കാന്‍ അസൗകര്യമുണ്ടെങ്കില്‍...
ഇവിടെ സൗകര്യമൊരുക്കിയിരിക്കുന്നു.
തുറന്നു വരുന്ന പേജില്‍ മൗസ് ഉപയോഗിച്ച് ക്ലിക്കുകയോ, ഡ്രാഗ് ചെയ്യുകയോ ആവാം.
ഓണാശംസകള്‍!
ഇവിടെയും ഒരു പരിധിയുണ്ട്! ചെടിയടക്കമാണ്‌ നമുക്ക് ലഭിക്കുന്നത് !!

Monday, August 4, 2008

ബാലന്‍, പശുപതി പിന്നെ കുസേലനും

ബാര്‍ബര്‍ ബാലന്റെ കഥ തമിഴില്‍ - അത് ഒരു രജനി കാന്ത് ചിത്രം കൂടിയാവുമ്പോള്‍ ! അതെ..ആ കൗതുകം തന്നെയാണ്‌ 'കുസേലന്‍'കാണുവാന്‍ പ്രേരിപ്പിച്ചത്.


കുസേലനെപ്പറ്റി പറയുമ്പോള്‍ 'പശുപതി' യെപ്പറ്റി പറയേണ്ടി വരും. പശുപതിയാണല്ലോ ബാര്‍ബര്‍ ബാലനായി അഭിനയിച്ചിരിക്കുന്നത്. പശുപതിയെ ഓര്‍ക്കുമ്പോള്‍ "വെയ്യില്‍"എന്ന ചിത്രത്തെപ്പറ്റിയുംപറയേണ്ടി വരും. കമലഹാസന്റെ 'വിരുമാണ്ടി'യിലാണാദ്യമായി പശുപതിയെ കാണുന്നത്. അതൊരൊശിരന്‍ പ്രകടനം തന്നെയായിരുന്നു. കമലഹാസനൊപ്പത്തിനൊപ്പം. പശുപതിയെ ശരിക്കും മനസ്സിലാക്കുന്നതു വെയ്യില്‍ എന്ന ചിത്രം കണ്ടപ്പോഴാണ്‌. ചെറുപ്പം മുതലേ അതി കണിശക്കാരനായ പിതാവിന്റെ ക്രൂരമായ പീഡനങ്ങള്‍ കാരണമില്ലാതെ അനുഭവിക്കേണ്ടി വന്ന്, നാടുവിട്ട് അന്യനാട്ടില്‍ എത്തിപ്പെടുന്ന യുവാവ്. അവിടെയും സ്വസ്ഥമായ ജീവിതത്തിനൊടുവില്‍ വീണ്ടും ആക്രമിക്കപ്പെടുന്നവന്‍. അവിടെനിന്നും മുറിവേറ്റ മനസ്സുമായി സ്വന്തം ഗ്രാമത്തില്‍ കുടുംബാംഗങ്ങളെ കാണാനാവുമെന്നും അവര്‍ തന്നെ സ്വീകരിക്കുമെന്നുമുള്ള പ്രതീക്ഷമാത്രമായി വെറും കയ്യോടെ എത്തുമ്പോള്‍..വഴിയില്‍ കണ്ടുമുട്ടുന്ന ചെറുപ്പക്കാരന്‍ തന്റെ അനുജനാണെന്നു തിരിച്ചറിയുമ്പോള്‍..പശുപതിയുടെ ഒരു പ്രകടനമുണ്ട്. അത് ചിത്രം കണ്ടു തന്നെ അനുഭവിച്ചറിയണം ! നാന്‍..അണ്ണന്‍ഡാ..(ഞാന്‍ നിന്റെ ചേട്ടനാണെടാ..) എന്നു പറഞ്ഞ് നിറകണ്ണുകളോടെ സ്വയം പരിചയപ്പെടുത്തുന്ന പശുപതി..പിന്നീടങ്ങോട്ട് നിറയുകയാണ്‌ ചിത്രത്തില്‍. വീണ്ടും കാണുമ്പോള്‍ പൊട്ടിത്തെറിക്കുന്ന പിതാവിനും മുന്നിലും, നിരാലംബയായ പഴയ കളിക്കൂട്ടുകാരിക്കൊപ്പവും നിശ്ശബ്ദനായിപ്പോകുന്ന.. വീണ്ടും ചെയ്യാത്ത കുറ്റത്തിന്‌ പീഡിപ്പിക്കപ്പെടുകയും സഹോദരനു വേണ്ടി ഉരുകിത്തീരുകയും ചെയ്യുന്ന ആ കഥാപാത്രം നമ്മുടെ മനസ്സില്‍ ഒരു വിങ്ങലായി ഇപ്പോഴും നിലനില്‍ക്കുകയാണ്‌.

ആ പശുപതിയാണ്‌ ബാര്‍ബര്‍ ബാലനായി കുസേലനില്‍ വീണ്ടും 'ജീവിക്കുന്നത്'. പി.വാസുവിന്റെ തീരുമാനം തെറ്റിയില്ല. രജനീകാന്തിന്റെ സജീവ സാന്നിധ്യമുണ്ടെങ്കിലും പശുപതിയെ നമുക്കെളുപ്പം മറക്കാനാവില്ല.

ശ്രീനിവാസന്‍ മികച്ച കലാകാരന്‍ തന്നെയാണ്‌, തര്‍ക്കമില്ല. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ എന്നും മലയാളത്തിന്‌ മുതല്‍ക്കൂട്ടുതന്നെയാണ്‌. കുസേലന്റെ ടൈറ്റില്‍ കാര്‍ഡിലും കഥ: ശ്രീനിവാസന്‍ എന്നു കാണുമ്പോള്‍ - ഇതു നമ്മുടെ ആളാണേ എന്ന ഭാവത്തില്‍ തീയ്യേറ്ററില്‍ നിറഞ്ഞ തമിഴ് ജനതക്കൊപ്പം ഞാനിരുന്നു. പറഞ്ഞുകേട്ടതുപോലെ വളരെക്കാര്യമായ മാറ്റമൊന്നും കഥയില്‍ വരുത്തിയതായി എനിക്കഭിപ്രായമില്ല. മുകേഷിന്റെയും സലിം കുമാറിന്റെയും റോള്‍ ഒഴിവാക്കി. മുകേഷിന്റെ ട്യൂട്ടോറിയല്‍ അധ്യാപകന്‍ കഥക്ക് കാര്യമായ ഗുണമൊന്നും ചെയ്യുന്നില്ലെന്നോര്‍ക്കുക. ജഗദീഷ് ചെയ്ത ആധുനിക ബാര്‍ബര്‍ വേഷം വടിവേലുവാണ്‌ കൈകാര്യ ചെയ്തത്. ആ കഥാപത്രത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു തിരക്കഥയും സംഭാഷണവും സംവിധാനവും ഒരുമിച്ചു കൈകാര്യം ചെയ്ത പി.വാസു. സൂപ്പര്‍ സ്റ്റാറിനെ ഓര്‍ക്കാപ്പുറത്ത്, അരികത്ത് കാണുവാന്‍ കഴിഞ്ഞപ്പോള്‍ ഉണ്ടായ ആശ്ചര്യം നിറഞ്ഞ നിമിഷങ്ങള്‍ 'സൂപ്പറാക്കി' വടിവേലു. കാണികള്‍‍ ഇളകി മറഞ്ഞു.

ചിത്രത്തിലെ ധാരാളം ഷോട്ടുകളും സാഹചര്യങ്ങളും മലയാളത്തിലേതു പോലെത്തന്നെ. എങ്കിലും കുറേക്കൂടി സാങ്കേതിക മേന്മ തമിഴില്‍ കാണുന്നു. അത് ഫോട്ടൊഗ്രാഫിയിലും കലാസംവിധാനത്തിലും നമുക്ക ശരിക്കും ബോധ്യപ്പെടും. ഏറ്റവും ചെറിയ ഉദാഹണമായി നമുക്ക് ബാര്‍ബര്‍ ബാലന്റെ കൊച്ചു വീട് തന്നെയെടുക്കാം. ഏസ്റ്റേറ്റിനു നടുവില്‍ ഒരു പഴയ വീട്. തീരെ സൗകര്യങ്ങളില്ലാത്ത..ഒരു ഉള്‍നാടന്‍ കുടില്‍ എന്നു വേണമെങ്കില്‍ പറയാം. ഇതേ വീട് കുസേലനില്‍.. വീട് അവതരിപ്പിക്കുമ്പോഴും..വീടിനു മുകളിലൂടെ ക്രെയിനില്‍ ക്യാമറതിരിഞ്ഞു വരുമ്പോഴും വല്ലാത്തൊരു ദൃശ്യാനുഭവം തന്നെയാണത്. ഈ കലാമേന്മ ചിത്രത്തിലുടനീളം കാണാം.നയന്‍ താരയുടെ സാന്നിധ്യം മാത്രമാണ്‌ കാര്യമായ ഒരു വ്യത്യാസമായി കാണാനാവൂ. കോമഡിയിലായാലും തമിഴ് രീതിയിലുള്ള ചില മാറ്റങ്ങള്‍ ചിത്രത്തിലുണ്ട്, അതൊഴിവാക്കാനാവില്ലല്ലോ. സിനിമാരംഗത്ത് ഇപ്പോള്‍ അത്ര സജീവമല്ലാത്ത ധാരാളം താരങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട് കുസേലനില്‍..മയില്‍സാമിയും വയ്യാപുരിയും..അങ്ങിനെയങ്ങിനെ..

രജനീകാന്തിന്റെ ചില രീതികളെയും തീരുമാനങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട് ചിത്രത്തില്‍..അതിന്‌ ന്യായമായ മറുപടി നല്‍കുന്നുണ്ട് രജനി..പ്രേക്ഷകര്‍ക്കതെല്ലാം രസിക്കുന്നുമുണ്ട്. ദുബൈയില്‍ തിങ്ങിനിറഞ്ഞ ഒരു തീയ്യേറ്ററില്‍ ബഹുഭൂരിപക്ഷം വരുന്ന തമിഴ് പ്രേക്ഷകര്‍ക്കൊപ്പമിരുന്നാണ്‌ ഞാനും ചിത്രം കണ്ടത്. രജനീകാന്തിനെ ഹര്‍ഷാരവത്തോടെയും വിസിലടികളിലൂടെയും സ്വീകരിച്ച ജനത ക്ലൈമാക്സില്‍ നിശ്ശബ്ദമായിരിന്നു..കരയുന്ന രജനിയെ എങ്ങിനെ തമിഴ് ജനത സ്വീകരിക്കും എന്നൊരു കൗതുകം തോന്നാതിരുന്നില്ല. എന്നാല്‍ കഥയുടെ കരുത്തും രജനിയുടെ കലര്‍പ്പില്ലാത്ത അഭിനയവും പ്രേക്ഷകരെ പിടിച്ചിരുത്തി..

ക്ലൈമാക്സില്‍ പശുപതിയായിരുന്നോ രജനിയായിരുന്നോ തിളങ്ങിയതെന്നു ചോദിച്ചാല്‍..ശരിക്കും കസറി..രണ്ടു പേരും.

പാട്ടു പാടിപ്പാടി രജനിയും നയന്‍താരയും സംഘവും ആലപ്പുഴയിലെത്തിയപ്പോഴും ഞാനൊന്നു ഞെളിഞ്ഞിരുന്നു.."ഡായ്..ഇതു നമ്മ ഊരുതാന്‍.." എന്നായിരുന്നു ആത്മഗതം. ഉറക്കെപ്പറയാന്‍ പറ്റില്ലല്ലോ..!!

ബാര്‍ബര്‍ ബാലന്‍ തമിഴിലും ബാലന്‍ തന്നെ..അശോക് രാജ് തമിഴില്‍ അശോക് കുമാറായെന്നു മാത്രം. ബാലന്റെ മൂത്തമകളായി അഭിനയിച്ച കുട്ടി തന്നെയായിരുന്നുവോ തമിഴിലും അതേ വേഷത്തില്‍ എന്നു സംശയം തോന്നിപ്പോയി. സംശയം മാത്രമാണോ..അറിയില്ല. ചുരുക്കത്തില്‍ കുസേലന്‍ നിരാശപ്പെടുത്തിയില്ല. മാത്രമല്ല..പ്രതീക്ഷിച്ചതിലും ഒരു പടി മുന്നില്‍ നിന്നു മൊത്തം ചിത്രം.

Thursday, July 24, 2008

ആകാശവാണിക്ക് വയസ്സ് 81


ആകാശവാണി പ്രക്ഷേപണത്തിന്റെ എണ്‍പത്തി ഒന്നു്‌ വര്‍ഷങ്ങള്‍ തികച്ച ദിവസമായിരുന്നു, ഇന്നലെ, ബുധനാഴ്ച. 81 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വകാര്യ എഫ്.എം ചാനലുകളുടെ "ബഹളങ്ങള്‍"ക്കിടയിലും റേഡിയോ രംഗത്തെ ഒന്നാമനായിത്തന്നെ ആകാശവാണി ഇന്നും നിലനില്‍ക്കുന്നു. ശാസ്ത്ര സാഹിത്യ പരിഷത് അടുത്തിടെ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം, മലയാളത്തില്‍പ്പോലും ഇത്രയധികം ടെലിവിഷന്‍ ചാനലുകളുണ്ടായിട്ടും ആകാശവാണിക്കാണ്‌ പ്രചാരം കൂടുതല്‍. ഓള്‍ ഇന്ത്യ റേഡിയോ - ശരിയാണ്‌, ഇന്ത്യയെ മുഴുവന്‍ ഒന്നിപ്പിക്കുന്ന ഒരു നെറ്റ്വര്‍ക്ക്. രാജ്യത്തിന്റെ തൊണ്ണൂറ്റിരണ്ട് ശതമാനത്തോളം ഭാഗത്തിപ്പോള്‍ ആകാശവാണി ലഭ്യമാണ്‌ !

ആകാശവാണി ഇപ്പോള്‍ ഡിജിറ്റലൈസേഷന്റെ പാതയിലാണ്‌. ആകാശവാണിയുടെ പുതിയ ആകര്‍ഷകമായ വെബ്സൈറ്റും രൂപപ്പെട്ടു വരികയാണ്‌. ആധുനിക സൗകര്യങ്ങള്‍ ഉണ്ടായിട്ടും അവ വേണ്ട രിതിയില്‍ ഉപയോഗിക്കാന്‍ ആകാശവാണി ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്‌. കേരളത്തിലെ സ്വകാര്യ എഫ് എം സ്റ്റേഷനുകള്‍ ആകാശവാണിയുടെ ട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിച്ചാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് കേരളത്തിനു പുറത്തും നമുക്ക് ആകാശവാണിയുടെ മലയാളം സര്‍ വ്വീസ് ലഭി‍ക്കുവാന്‍ സൗകര്യമുണ്ട്. ഡിഡി ഡിടീച്ചും സണ്‍ ഡൈറക്റ്റ് ഡിടീച്ചും വഴി മലയാളമുള്‍പ്പെടെ അനേകം റേഡിയോ സ്റ്റേഷനുകള്‍ നമുക്ക് കേള്‍ക്കാം. ഗള്‍ഫ് രാജ്യങ്ങളിലും സാധാരണ ഡിജിറ്റല്‍ റിസീവര്‍ വഴി ആകാശവാണി കേള്‍ക്കാനാവും. (സാറ്റലൈറ്റ്: ഇന്‍സാറ്റ് 4 ബി)

നമുക്കോര്‍മ്മിക്കാം...ശങ്കരനാരായണനും, പ്രതാപനും, ഗോപനും സുഷമയും വായിച്ചു കേള്‍പ്പിച്ചിരുന്ന വാര്‍ത്തകളും രാമചന്ദ്രന്റെ കൗതുക വാര്‍ത്തകളും എം.ഡി.രാജേന്ദ്രന്റെയും, സി.പി.രാജശേഖരന്റെയും എം.തങ്കമണിയുടെയും, യശ്ശശരീരനായ പദ്മരാജന്റെയും അനൗണ്‍‍സ്മെന്റുകളും ഖാന്‍ കാവിലും നാഗവള്ളിയുമെഴുതിയ നാടകങ്ങളും...എന്തിനു്‌...റഷീദ് ചക്കരപ്പാടവും ആചാരി തിരുവത്രയും തുടങ്ങി സ്ഥിരം പ്രേക്ഷകരെഴുതിയിരുന്ന കത്തുകളും..ഒപ്പം..സംസ്കൃത വാര്‍ത്തകളും. ഒന്നും മനസ്സിലാവില്ലെങ്കിലും ഇന്നും ആ ശബ്ദം കാതുകളില്‍..."ഈയം ആകാശവാണി..സമ്പ്രതി വാര്‍ത്താഹാ സൂയന്താ...പ്രവാചക ബലദേവാനന്ദ സാഗര.."