Thursday, July 24, 2008

ആകാശവാണിക്ക് വയസ്സ് 81


ആകാശവാണി പ്രക്ഷേപണത്തിന്റെ എണ്‍പത്തി ഒന്നു്‌ വര്‍ഷങ്ങള്‍ തികച്ച ദിവസമായിരുന്നു, ഇന്നലെ, ബുധനാഴ്ച. 81 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വകാര്യ എഫ്.എം ചാനലുകളുടെ "ബഹളങ്ങള്‍"ക്കിടയിലും റേഡിയോ രംഗത്തെ ഒന്നാമനായിത്തന്നെ ആകാശവാണി ഇന്നും നിലനില്‍ക്കുന്നു. ശാസ്ത്ര സാഹിത്യ പരിഷത് അടുത്തിടെ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം, മലയാളത്തില്‍പ്പോലും ഇത്രയധികം ടെലിവിഷന്‍ ചാനലുകളുണ്ടായിട്ടും ആകാശവാണിക്കാണ്‌ പ്രചാരം കൂടുതല്‍. ഓള്‍ ഇന്ത്യ റേഡിയോ - ശരിയാണ്‌, ഇന്ത്യയെ മുഴുവന്‍ ഒന്നിപ്പിക്കുന്ന ഒരു നെറ്റ്വര്‍ക്ക്. രാജ്യത്തിന്റെ തൊണ്ണൂറ്റിരണ്ട് ശതമാനത്തോളം ഭാഗത്തിപ്പോള്‍ ആകാശവാണി ലഭ്യമാണ്‌ !

ആകാശവാണി ഇപ്പോള്‍ ഡിജിറ്റലൈസേഷന്റെ പാതയിലാണ്‌. ആകാശവാണിയുടെ പുതിയ ആകര്‍ഷകമായ വെബ്സൈറ്റും രൂപപ്പെട്ടു വരികയാണ്‌. ആധുനിക സൗകര്യങ്ങള്‍ ഉണ്ടായിട്ടും അവ വേണ്ട രിതിയില്‍ ഉപയോഗിക്കാന്‍ ആകാശവാണി ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്‌. കേരളത്തിലെ സ്വകാര്യ എഫ് എം സ്റ്റേഷനുകള്‍ ആകാശവാണിയുടെ ട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിച്ചാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് കേരളത്തിനു പുറത്തും നമുക്ക് ആകാശവാണിയുടെ മലയാളം സര്‍ വ്വീസ് ലഭി‍ക്കുവാന്‍ സൗകര്യമുണ്ട്. ഡിഡി ഡിടീച്ചും സണ്‍ ഡൈറക്റ്റ് ഡിടീച്ചും വഴി മലയാളമുള്‍പ്പെടെ അനേകം റേഡിയോ സ്റ്റേഷനുകള്‍ നമുക്ക് കേള്‍ക്കാം. ഗള്‍ഫ് രാജ്യങ്ങളിലും സാധാരണ ഡിജിറ്റല്‍ റിസീവര്‍ വഴി ആകാശവാണി കേള്‍ക്കാനാവും. (സാറ്റലൈറ്റ്: ഇന്‍സാറ്റ് 4 ബി)

നമുക്കോര്‍മ്മിക്കാം...ശങ്കരനാരായണനും, പ്രതാപനും, ഗോപനും സുഷമയും വായിച്ചു കേള്‍പ്പിച്ചിരുന്ന വാര്‍ത്തകളും രാമചന്ദ്രന്റെ കൗതുക വാര്‍ത്തകളും എം.ഡി.രാജേന്ദ്രന്റെയും, സി.പി.രാജശേഖരന്റെയും എം.തങ്കമണിയുടെയും, യശ്ശശരീരനായ പദ്മരാജന്റെയും അനൗണ്‍‍സ്മെന്റുകളും ഖാന്‍ കാവിലും നാഗവള്ളിയുമെഴുതിയ നാടകങ്ങളും...എന്തിനു്‌...റഷീദ് ചക്കരപ്പാടവും ആചാരി തിരുവത്രയും തുടങ്ങി സ്ഥിരം പ്രേക്ഷകരെഴുതിയിരുന്ന കത്തുകളും..ഒപ്പം..സംസ്കൃത വാര്‍ത്തകളും. ഒന്നും മനസ്സിലാവില്ലെങ്കിലും ഇന്നും ആ ശബ്ദം കാതുകളില്‍..."ഈയം ആകാശവാണി..സമ്പ്രതി വാര്‍ത്താഹാ സൂയന്താ...പ്രവാചക ബലദേവാനന്ദ സാഗര.."

10 comments:

പൈങ്ങോടന്‍ said...

ഗോപന്‍,സുഷമ,രാജേന്ദ്രന്‍,പ്രതാപന്‍,രാമചന്ദ്രന്‍, ശ്രീകുമാര്‍ എന്നിവരുടെ ശബ്ദം എങ്ങിനെ മറക്കാന്‍
അതുപോലെ തന്നെയാണ് റഷീദ് ചക്കരപ്പാടം, ആചാരി തിരുവത്ര,നഫീസ കുഞ്ഞിപ്പ പന്താവൂര്‍,തുടങ്ങിയവരുടെ പേരുകളും മറക്കാന്‍ പറ്റില്ല
സ്ക്കൂളിലും കോളേജിലും പഠിക്കുമ്പോളും,ഇപ്പഴും റേഡിയോ തന്നെയാണ് കൂടുതല്‍ താല്പര്യം. യുവവാണി,എഴുത്തുപ്പെട്ടി, നിങ്ങളുടെ കത്തുകള്‍ ,അഭിപ്രായവേദി എന്നിവയിലേക്ക് എഴുതിയ നിരവധി കത്തുകള്‍
പിന്നെ ഒരു തവണ തൃശ്ശൂര്‍ ആകാശവാണിയില്‍ സൌണ്ട് ടെസ്റ്റിനു പോയ അനുഭവവും!!!
മാറ്റത്തിനൊത്ത് ആകാശവാണിയും ഉയരട്ടെ!!!
അവസരോചിതമായ പോസ്റ്റ്

ബൈജു സുല്‍ത്താന്‍ said...

കുഞ്ഞിപ്പ പന്താവൂര്‍ - ആ പേരു കൂടി ഓര്‍മ്മിപ്പിച്ചതിനു നന്ദി. മന്നം കോളേജില്‍ പഠിക്കുന്നകാലത്ത്, ഉച്ചയൂണിനു്‌ ആകാശവാണി (തൃശ്ശൂര്‍) കാന്റീനിലാണ്‌ പോകാറ്. അന്ന് ഗായകന്‍ വേണുഗോപാലടക്കം പല പ്രമുഖരും അവിടെ കാണുമായിരുന്നു.

ശ്രീ said...

കുറേ ഓര്‍മ്മകള്‍ തന്ന പോസ്റ്റ് മാഷേ...

വീട്ടിലായിരിയ്ക്കുമ്പോള്‍ എനിയ്ക്ക് ഓര്‍മ്മ വച്ച കാലം മുതല്‍ കേള്‍ക്കുന്നതാണ് ആകാശവാണിയിലെ പരിപാടികള്‍. ആകാശവാണിയില്‍ സ്റ്റേഷന്‍ തുറക്കുന്ന സമയത്തുള്ള ആ മ്യൂസിക് എനിയ്ക്ക് ഇന്നും വളരെ ഇഷ്ടമാണ്. :)

അഭിപ്രായ വേദിയില്‍ ഒരുപാടു തവണ വായിച്ചിട്ടുണ്ട് ഞാനും ചേട്ടനും ചേര്‍ന്നെഴുതാറുള്ള കത്തുകള്‍.

ആകാശവാണിയ്ക്ക് 81 ന്റെ ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

ആകാശ വാണിക്കു പിറന്നാള്‍ ആശംസകള്‍.. ചെറുപ്പം മുതല്‍ റേഡിയോ കേട്ടാണ് വളര്‍ന്നതു. പ്രവാചകാ ബലദേവാനന്ദ സാഗരാ: ഒക്കെ ഇപ്പോഴും ഓര്‍മ്മ വരുന്നു.
ഇപ്പോഴും എന്റെ ദിവസം ആരംഭിക്കുന്നതു റേഡിയോ കേട്ടാണ്.എഫ് എം ചാനല്‍ ആണെന്നു മാത്രം .. എപ്പോളും പാട്ട് ഉണ്ടല്ലോ..5 മണിക്കു ഞാന്‍ ഏണീക്കുന്നതു തൊട്ടു ഓഫീസില്‍ പോകാറാവുന്നതു വരെ അതു കിടന്നു പാടും .. നല്ല പോസ്റ്റ് !!

siva // ശിവ said...

നന്ദി ഈ പോസ്റ്റിന്...

സസ്നേഹം,

ശിവ.

Unknown said...

ആകാശവാണിക്ക് സ്ഥിരമായി കത്തയ്ക്കുന്ന ഒരു സ്വാഭാവം ശ്രി പറഞ്ഞ പോലെ എനിക്കും
ഉണ്ടായിരുന്നു.

ബഷീർ said...

സുല്‍ത്താന്‍ തിരിച്ചെത്തിയോ?

ആകാശവാണിയെകുറിച്ചുള്ള പോസ്റ്റ്‌ നന്നായി

നഫീസ കുഞ്ഞിപ്പ യെപറ്റി പറയാന്‍ വിചാരിച്ചത്‌ ഇവിടെ പലരും പറഞ്ഞിരിക്കുന്നു..

ബഷീർ said...

anoop u too

smitha adharsh said...

നല്ല പോസ്റ്റ്...ചെറുപ്പത്തില്‍ കേട്ടിരുന്ന "കൌതുക വാര്‍ത്തകളും".."പലരും പലതും"..എല്ലാം ഇപ്പോഴും ഓര്‍മയിലുണ്ട്..

Raman said...

Valare vaikiyaanu ee post kandathu.

Valare nannayittundu.

Aakashavaai enna peru kelkumbol thanne.
Orupaadu Gruhaadurasmaranakal aanu. Ellam veendum ormapeduthiyathu nannayi.

Pinne oru vaalattom koodi C.S. Krishnan Ezhuthiya “ANJU VILAKKU” enna pustakathilundi”Oro thrissurkaaranum kondu nadakkunna oru aakashavaani moham

Athu Thrissuril ninnum vaarthakal thudangumbol undayekkavunna Announcementine pattiyaanu
“Aaakashavaani Thrissur, Vaarthakal Vaayikkunnathu Vadakkumnaadan”