Thursday, July 24, 2008

ആകാശവാണിക്ക് വയസ്സ് 81


ആകാശവാണി പ്രക്ഷേപണത്തിന്റെ എണ്‍പത്തി ഒന്നു്‌ വര്‍ഷങ്ങള്‍ തികച്ച ദിവസമായിരുന്നു, ഇന്നലെ, ബുധനാഴ്ച. 81 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വകാര്യ എഫ്.എം ചാനലുകളുടെ "ബഹളങ്ങള്‍"ക്കിടയിലും റേഡിയോ രംഗത്തെ ഒന്നാമനായിത്തന്നെ ആകാശവാണി ഇന്നും നിലനില്‍ക്കുന്നു. ശാസ്ത്ര സാഹിത്യ പരിഷത് അടുത്തിടെ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം, മലയാളത്തില്‍പ്പോലും ഇത്രയധികം ടെലിവിഷന്‍ ചാനലുകളുണ്ടായിട്ടും ആകാശവാണിക്കാണ്‌ പ്രചാരം കൂടുതല്‍. ഓള്‍ ഇന്ത്യ റേഡിയോ - ശരിയാണ്‌, ഇന്ത്യയെ മുഴുവന്‍ ഒന്നിപ്പിക്കുന്ന ഒരു നെറ്റ്വര്‍ക്ക്. രാജ്യത്തിന്റെ തൊണ്ണൂറ്റിരണ്ട് ശതമാനത്തോളം ഭാഗത്തിപ്പോള്‍ ആകാശവാണി ലഭ്യമാണ്‌ !

ആകാശവാണി ഇപ്പോള്‍ ഡിജിറ്റലൈസേഷന്റെ പാതയിലാണ്‌. ആകാശവാണിയുടെ പുതിയ ആകര്‍ഷകമായ വെബ്സൈറ്റും രൂപപ്പെട്ടു വരികയാണ്‌. ആധുനിക സൗകര്യങ്ങള്‍ ഉണ്ടായിട്ടും അവ വേണ്ട രിതിയില്‍ ഉപയോഗിക്കാന്‍ ആകാശവാണി ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്‌. കേരളത്തിലെ സ്വകാര്യ എഫ് എം സ്റ്റേഷനുകള്‍ ആകാശവാണിയുടെ ട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിച്ചാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് കേരളത്തിനു പുറത്തും നമുക്ക് ആകാശവാണിയുടെ മലയാളം സര്‍ വ്വീസ് ലഭി‍ക്കുവാന്‍ സൗകര്യമുണ്ട്. ഡിഡി ഡിടീച്ചും സണ്‍ ഡൈറക്റ്റ് ഡിടീച്ചും വഴി മലയാളമുള്‍പ്പെടെ അനേകം റേഡിയോ സ്റ്റേഷനുകള്‍ നമുക്ക് കേള്‍ക്കാം. ഗള്‍ഫ് രാജ്യങ്ങളിലും സാധാരണ ഡിജിറ്റല്‍ റിസീവര്‍ വഴി ആകാശവാണി കേള്‍ക്കാനാവും. (സാറ്റലൈറ്റ്: ഇന്‍സാറ്റ് 4 ബി)

നമുക്കോര്‍മ്മിക്കാം...ശങ്കരനാരായണനും, പ്രതാപനും, ഗോപനും സുഷമയും വായിച്ചു കേള്‍പ്പിച്ചിരുന്ന വാര്‍ത്തകളും രാമചന്ദ്രന്റെ കൗതുക വാര്‍ത്തകളും എം.ഡി.രാജേന്ദ്രന്റെയും, സി.പി.രാജശേഖരന്റെയും എം.തങ്കമണിയുടെയും, യശ്ശശരീരനായ പദ്മരാജന്റെയും അനൗണ്‍‍സ്മെന്റുകളും ഖാന്‍ കാവിലും നാഗവള്ളിയുമെഴുതിയ നാടകങ്ങളും...എന്തിനു്‌...റഷീദ് ചക്കരപ്പാടവും ആചാരി തിരുവത്രയും തുടങ്ങി സ്ഥിരം പ്രേക്ഷകരെഴുതിയിരുന്ന കത്തുകളും..ഒപ്പം..സംസ്കൃത വാര്‍ത്തകളും. ഒന്നും മനസ്സിലാവില്ലെങ്കിലും ഇന്നും ആ ശബ്ദം കാതുകളില്‍..."ഈയം ആകാശവാണി..സമ്പ്രതി വാര്‍ത്താഹാ സൂയന്താ...പ്രവാചക ബലദേവാനന്ദ സാഗര.."