Thursday, March 27, 2008

ഒന്‍പതു രൂപാ നോട്ട്



ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ സ്ക്രീനില്‍ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നതില്‍ കഴിവ് തെളിയിച്ചൊരു കലാകാരനാണ്‌ തങ്കര്‍ ബച്ചന്‍. തങ്കര്‍ ബച്ചന്റെ ഓരോ സിനിമകളും നമ്മുടെ ഓര്‍മ്മകളില്‍ നിലനില്‍ക്കുന്നതും അതു കൊണ്ടു തന്നെയാണ്‌. അഴകിയും പള്ളിക്കൂടവും..അങ്ങിനെയങ്ങിനെ.. സത്യരാജ്, നാസ്സര്‍, അര്‍ച്ചന, രോഹിണി എന്നീ പ്രഗല്‍ഭ നടീ നടന്മാര്‍ മുഖ്യ കഥാപാത്രങ്ങളായെത്തിയ "ഒന്‍പതു രൂപാ നോട്ട്"എന്ന തങ്കര്‍ ബച്ചന്‍ ചിത്രവും ഏറെ "റിയലിസ്റ്റിക്കാണ്‌".


മണ്ണിനെ വിശ്വസിച്ച, സ്നേഹിച്ച കഠിനാധ്വാനിയായ മാധവരായി സത്യരാജ്, സന്തതസഹചാരിയായ ഭാര്യ വേലായിയായി ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ നടി അര്‍ച്ചന. മാധവരെന്ന മനുഷ്യസ്നേഹി ഒരിക്കലും പണത്തിനായി മോഹിച്ചിട്ടില്ല.തന്റെ സമ്പാദ്യം മുഴുവന്‍ സുഹൃത്തായ കാജാ ബായി (നാസ്സര്‍)ക്ക് ഒരു ജീവിത മാര്‍ഗ്ഗത്തിനായി നല്‍കാന്‍ മാധവര്‍ക്കോ വേലായിക്കോ യാതൊരു മടിയും ഉണ്ടായിരുന്നില്ല. വാര്‍ദ്ധക്യത്തിന്റെ ആദ്യ ദശയില്‍ ഓമന മക്കളില്‍ നിന്നേറ്റ തിരിച്ചടി താങ്ങാനാവാതെ വീടു വിട്ടു പോകുന്ന ദമ്പതികള്‍ എത്രയോ കാലങ്ങള്‍ക്കു ശേഷം കാജാ ബായിയെയും കുടുംബത്തെയും കണ്ടുമുട്ടുകയും അവരുടെ സഹായത്തോടെ വീണ്ടും മണ്ണിനോട് മല്ലടിച്ച് ജീവിക്കുകയും വീണ്ടും പലവിധ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്നു ചിത്രത്തില്‍. കഥ തന്നെയാണ്‌ ചിത്രത്തിനെ കാതല്‍ എന്നു്‌, കഥയെഴുതി, തിരക്കഥയും സംഭാഷണവും രചിച്ച്, ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തു്‌, സം വിധാനവും നിര്‍ വ്വഹിച്ച തങ്കര്‍ ബച്ചനു്‌ നന്നായറിയാം. തമിഴില്‍ ഒട്ടേറെ ചിത്രങ്ങളില്‍ നായക വേഷം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇനിയും മികച്ച നടനെന്ന പേരെടുക്കാനായിട്ടില്ലാത്ത സത്യരാജ് എന്ന നടന്‍ മാധവരായി ജീവിക്കുകയാണ്‌ ചിത്രത്തില്‍. ചിത്രം കാണുമ്പോള്‍ ഇതു സത്യരാജാണെന്നു നമ്മല്‍ അറിയുന്നില്ല അല്ലെങ്കില്‍ ഓര്‍ക്കുന്നില്ല. അര്‍ച്ചനയുടെ പ്രകടനവും മികച്ചതു തന്നെ. കഴിവിനനുസരിച്ചുള്ള അവസരങ്ങള്‍ അര്‍ച്ചന‍ക്കു തമിഴില്‍ ലഭിച്ചിട്ടുണ്ടോ എന്നു സംശയമാണ്‌. (ബാലു മഹേന്ദ്രയുടെ "വീട്" ഇപ്പൊഴും ഓര്‍മ്മയിലുണ്ട്.)


മാധവരുടെയും കാജാബായിയുടെയും കറകളഞ്ഞ സ്നേഹം പലപ്പോഴും നമ്മുടെ കണ്ണുകളേയും ഈറനണിയിക്കുന്നു. വീണ്ടും ഉള്‍നാടന്‍ തമിഴ് ഗ്രാമീണ ദൃശ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നൊരു ചിത്രം നമ്മള്‍ കാണുകയാണ്‌. ഭരദ്വാജിന്റെ സംഗീതം ചിത്രവുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഇപ്പോള്‍ തമിഴ് സിനിമയില്‍ അധികമൊന്നും സജീവമല്ലാത്ത എസ്.പി.ബാലസുബ്രഹ്മണ്യം പാടിയിരിക്കുന്ന ഗാനം നന്നായിരിക്കുന്നു.


അത്ര "ഫാസ്റ്റ്" മൂവിയല്ല എങ്കിലും ചിത്രം ഒരിക്കലും നമ്മെ ബോറടിപ്പിക്കുന്നില്ലെന്നു മാത്രമല്ല..നാം ചിത്രത്തില്‍ ലയിച്ചുപോവുകയും ചെയ്യും. ഗ്രാമത്തില്‍ നടന്ന ഒരു മോഷണവും അന്വേഷണവും, ബസ്സിലെ ചില രംഗങ്ങളും വളരെ തന്മയത്വത്തോടെ തന്നെ പകര്‍ത്തിയിരിക്കുന്നു. ചിത്രത്തിന്റെ ആരംഭത്തിലെ ഒരു സീനില്‍ രാവിലെ സണ്‍ ടിവി ന്യൂസ് ടൈറ്റില്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നുണ്ട്. സമയം രാവിലെ എട്ട് മണിയെന്നു സൂചിപ്പിക്കാനിത് ധാരാളം ! മൊത്തത്തില്‍ തങ്കര്‍ ബച്ചന്റെ മറ്റൊരു മികച്ച ചിത്രം, കണ്ടിരിക്കേണ്ടതും. ഇങ്ങിനെയുള്ള സിനിമകള്‍ നമ്മള്‍ കാണുകയും പ്രോല്‍സാഹിപ്പിക്കുകയും വേണം എന്നു കരുതുന്നൊരാളാണ്‌ ഞാനും..

2 comments:

ബാജി ഓടംവേലി said...

nalla vivaranam.
സിനിമാ കാണാം... കാണണം
മുന്‍പ്‌ ഞാന്‍ നൂറു രൂപയുടെ കള്ളനോട്ടുകൊണ്ട് കോഴഞ്ചേരിക്കു പോയി മൂപ്പതു രൂപായിക്ക് സാധനങ്ങള്‍ വാങ്ങി. ഞാന്‍ കൊടുത്തത് കള്ളനോട്ടാണെന്ന് അറിയാതെ കടക്കാരന്‍ രുപാ വാങ്ങി പെട്ടിയില്‍ ഇട്ടു. ഞാന്‍ ബാക്കിയും വാങ്ങി വീട്ടിലേക്കു പോന്നു. വീട്ടില്‍ വന്നു നോക്കിയപ്പോളാണ് അറിഞ്ഞത് എന്റെ കൈയ്യില്‍ നാല്‍പ്പതിന്റെയും മുപ്പതിന്റെയും ഓരോ നോട്ടുകള്‍.

Anonymous said...

ഇനിയും എഴുതൂ നല്ല സിനിമകളേപ്പറ്റി.. ഒരു പ്രേക്ഷകനില്‍ നിന്നും കിട്ടുന്ന അഭിപ്രായമാണ്‌, സിനിമാ നിരൂപകരേക്കാളും മികച്ചത്..അതിനാല്‍ ബൈജുവിന്റെ സിനിമാനുഭവങ്ങള്‍ ശരിക്കും ഉള്‍ക്കൊള്ളുവാന്‍ പറ്റുന്നുണ്ട്. അതിനാലിനിയും എഴുതുക..

സര്‍ജുലന്‍