Monday, February 18, 2008

പാഠം രണ്ട്, മൈന

ക്ലീ..ക്ലീ..ക്ലീ....ക്ലൂ..ക്ലൂ..ക്ലൂ..എവിടുന്നാണീ ശബ്ദം? സുരേഷ് തിരിഞ്ഞു നോക്കിയില്ല..കാരണം, സുരേഷിനറിയാം..അതൊരു മൈനയായിരിക്കും. പണ്ട് സ്കൂളില്‍ പഠിച്ചിട്ടുള്ളതല്ലേ..

ചെറിയ ക്ലാസ്സുകളില്‍ നമ്മള്‍ പഠിച്ച പാഠങ്ങള്‍..ഒന്നാം ക്ലാസ്സില്‍ ആദ്യമായി പഠിച്ച പുസ്തകം.തറ..പറ..പന.. വെള്ളക്കടലാസില്‍ ഏതാണ്ട് ചുവപ്പും തവിട്ടും കലര്‍ന്ന കളറില്‍ അച്ചടിച്ചിരുന്ന, ഒരു ഇഷ്ടികത്തറയുടെ ചിത്രം.. മഞ്ഞക്കളറിലുള്ള പറയുടെ..ഉയര്‍ന്നു നില്‍ക്കുന്ന പനയുടെ ചിത്രം... എല്ലാം എത്രയോ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഓര്‍മ്മകളില്‍..

കുഞ്ചിയമ്മയുടെ അഞ്ചാമത്തെ മകന്‍ കുഞ്ചു പഞ്ചാരതിന്നു മടുത്ത് ഇഞ്ചി കടിച്ചു രസിച്ചതും, റാകിയും രാകിയും പറന്ന ചെമ്പരുന്ത് കടല്‍ത്തിരകളും കപ്പലും കണ്ടതും, ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവ് തലതല്ലിക്കരഞ്ഞതും..അങ്ങിനെയങ്ങിനെ എത്രയോ വട്ടം പാടിപ്പതിഞ്ഞ കുഞ്ഞു വരികള്‍..
ഏതു ക്ലാസ്സിലാണെന്നോര്‍മ്മയില്ല...ഓമനക്കുട്ടന്‍ എന്നൊരു പുസ്തകം മലയാളം-ബി ക്ക് പഠിച്ചിരുന്നു. ചെയ്യാത്ത കുറ്റത്തിനു ശിക്ഷയേല്‍ക്കേണ്ടിവന്ന പാവം മാലതിയെന്ന വേലക്കാരി ഇന്നും ഒരു ദു:ഖമായി മനസ്സില്‍ അവശേഷിക്കുന്നു. "മാലതീ..എടി മാലതീ.." കൊച്ചമ്മയുടെ ശകാരം. എത്രയോ തവണ വായിച്ചിരിക്കുന്നു ആ പാഠങ്ങള്‍..

പിന്നീട് പലപ്പോഴും അന്നത്തെ പാഠ പുസ്തകങ്ങള്‍ക്കായി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കിട്ടിയില്ലാ.. ഒന്നു ഓര്‍മ്മപുതുക്കാനായിരുന്നു.. ആ പേജുകളിലൂടെ..ഗതകാല സ്മരണകള്‍ അയവിറക്കാന്‍..

4 comments:

ശ്രീ said...

വളരെ ശരിയാണ് മാഷേ.

പഴയ ആ ഓര്‍മ്മകളുടെ മധുരം ഒന്നു വേറെ തന്നെയാണ്‍.
:)

കുട്ടു | Kuttu said...

പുസ്തകങ്ങള്‍ കിട്ടിയിട്ടില്ല. പാട്ടുകള്‍ കിട്ടിയിട്ടുണ്ട്.

ഒരു ഓര്‍ക്കുട്ട് കമ്യൂണിറ്റി ഇതിനായി തുടങ്ങിയിട്ടുണ്ട്. ബോധി എന്നാണ് പേര്.

ലിങ്ക് തരാം...

- praspr@gmail.com

Science Uncle - സയന്‍സ് അങ്കിള്‍ said...

എവിടുന്നാ‍ണീ ശബ്ദം? സുരേഷ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന..

അങ്ങനെയല്ലേ?

Science Uncle
www.scienceuncle.com

ബൈജു സുല്‍ത്താന്‍ said...

ശരിയാണ്‌. അങ്ങിനെത്തന്നെയാണ്‌. പക്ഷേ..കുറെകാലമായില്ലേ..അതിനാല്‍ സുരേഷിനറിയാം അത് മൈനയായിരിക്കുമെന്ന് !!